 ആശിർനന്ദയുടെ ആത്മഹത്യ തെറ്റുപറ്റിയെന്ന് സ്കൂൾ മാനേജ്മെന്റ്

Friday 27 June 2025 12:50 AM IST

 പ്രതിഷേധം ശക്തം

 2 അദ്ധ്യാപകർ കൂടി പുറത്ത്

പാലക്കാട്: ക്ളാസ് ടെസ്റ്റിൽ ഒന്നര മാർക്ക് കുറഞ്ഞതിന് മാനസികപീഡനത്തിന് വിധേയയായി 9-ാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ജീവനൊടുക്കിയതിൽ പ്രതിഷേധം ശക്തം. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്ക്സ് സ്‌കൂളിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സ്‌കൂളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.

അതിനിടെ, സംഭവത്തിൽ വീഴ്ചപറ്റിയെന്ന് സ്‌കൂൾ മാനേജ്‌മെന്റ് സമ്മതിച്ചു. ആരോപണവിധേയരായ അഞ്ചുപേരെയും പുറത്താക്കി. മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ ഇനി ക്ലാസ് മാറ്റിയിരുത്തില്ല.

കഴിഞ്ഞദിവസം പുറത്താക്കിയ പ്രിൻസിപ്പലിന്റെ ചുമതല വൈസ് പ്രിൻസിപ്പലിന് നൽകി. തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. പുതിയ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുക്കും. പുതിയ കൗൺസലറെ നിയമിക്കും. അദ്ധ്യാപകർക്കും കൗൺസലിംഗ് നൽകും. രക്ഷിതാക്കളുടെ പരാതി കേൾക്കും.

തിങ്കളാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്തത്. പിന്നാലെ അദ്ധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തുവന്നിരുന്നു. പ്രതിഷേധം കടുത്തതോടെ ആരോപണവിധേയരായ സ്‌കൂൾ പ്രിൻസിപ്പൽ ഒ.പി.ജോയിസി, അദ്ധ്യാപികമാരായ സ്റ്റെല്ല ബാബു, എ.ടി.തങ്കം എന്നിവരെ പുറത്താക്കിയിരുന്നു. ഇവരെ കൂടാതെ അമ്പിളി, അർച്ചന എന്നീ അദ്ധ്യാപകരെ പുറത്താക്കാനാണ് ഇന്നലെ മാനേജ്മെന്റ് തയ്യാറായത്.

ആത്മഹത്യാക്കുറിപ്പിൽ പേരുള്ള അദ്ധ്യാപകരെ മുഴുവൻ പുറത്താക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടപ്പോൾ അദ്ധ്യാപകരിൽ രണ്ടുപേരെ സസ്‌പെൻഡ് ചെയ്യാമെന്നാണ് മാനേജ്‌മെന്റും പി.ടി.എയും ആദ്യം നിലപാടെടുത്തത്. ഇത് അംഗീകരിക്കില്ലെന്ന് വിദ്യാർത്ഥി സംഘടനാ നേതാക്കളും രക്ഷിതാക്കളും അറിയിച്ചു. തുടർന്നാണ് 5 പേരെയും പുറത്താക്കാൻ തയ്യാറായത്.

ആത്മഹത്യാക്കുറിപ്പ് പൊലീസിന് കൈമാറി ആശിർനന്ദയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് കൈമാറി. തന്റെ ജീവിതം അദ്ധ്യാപകർ തകർത്തെന്ന് ആശിർനന്ദയുടെ കുറിപ്പിലുണ്ടെന്ന് സഹപാഠി മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്റ്റെല്ല ബാബു മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിർനന്ദ പറഞ്ഞിരുന്നു. സുഹൃത്തിന്റെ നോട്ടു പുസ്തകത്തിന്റെ പിറകിലാണ് ആശിർനന്ദ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്.