ഫോൺ ചോർത്തലിൽ ഹൈക്കോടതി അൻവർ സമാന്തര ഭരണ സംവിധാനമായിരുന്നോ?

Friday 27 June 2025 1:02 AM IST

 സർക്കാരിന് രൂക്ഷ വിമർശനം

കൊച്ചി: മുൻ എം.എൽ.എ പി.വി.അൻവർ ഫോൺ ചോർത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചതെന്തിനെന്ന് സർക്കാരിനോട് ഹൈക്കോടതി. ജനപ്രതിനിധിയായിരിക്കെ അൻവർ സമാന്തര ഭരണ സംവിധാനമായി പ്രവർത്തിക്കുകയായിരുന്നോയെന്നും കോടതി ചോദിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് ആരെയും അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഫോൺ ചോർത്തലിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രൻ നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് വിമർശനം.

കഴിഞ്ഞ സെപ്തംബർ ഒന്നിന് പൊലീസ് ഉദ്യോഗസ്ഥരുടെയ‌ടക്കം ഫോൺ ചോർത്തിയെന്ന് മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പി.വി.അൻവർ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ അന്വേഷണമാവശ്യപ്പെട്ട് മലപ്പുറം എസ്.പിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുരുകേഷ് കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിലും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചു.

സംഭവത്തിൽ നേരിട്ട് കേസെടുക്കാനുള്ള വസ്തുതകളില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, തെളിവുകൾ ലഭിച്ചില്ലെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവുകൾ കണ്ടെത്തേണ്ടത് സർക്കാരല്ലേ? ജനപ്രതിനിധിയായിരിക്കെ നിരന്തരം വാർത്താസമ്മേളനങ്ങൾ വിളിച്ച് അൻവർ ഇത്തരം കാര്യങ്ങൾ പറഞ്ഞിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്ന് പറഞ്ഞ കോടതി, ഹർജി ഉത്തരവിനായി മാറ്റി.