കുറയാതെ മഴ,​ ജലനിരപ്പ് ഉയർന്നു; മലമ്പുഴ ഡാമും ബാണാസുര സാഗറും തുറന്നു,​ ജാഗ്രത പാലിക്കാൻ നിർദ്ദേശം

Friday 27 June 2025 10:51 AM IST

പാലക്കാട്: അതിശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ മലമ്പുഴ ഡാമും ബാണാസുര സാഗർ ഡാമും ഇന്ന് രാവിലെ പത്ത് മണിയോടെ തുറന്നു. ആദ്യ സെക്കൻഡിൽ 8.5 മീ​റ്റർ ക്യൂബിക് വെളളമാണ് രണ്ട് ഡാമുകളിൽ നിന്നും തുറന്നുവിട്ടത്. ഘട്ടം ഘട്ടമായി 50 മീ​റ്റർ ക്യൂബിക് വെളളം വരെ തുറന്നുവിടും. ഇന്നലെത്തന്നെ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നൽകിയിരുന്നു. മലമ്പുഴ ഡാമിൽ അഞ്ച് സെന്റീമീറ്റർ വീതമാണ് ഓരോ ഷട്ടറും തുറന്നത്. മലമ്പുഴ ഡാമിൽ ഈ മാസം ഒന്നുമുതൽ 30 വരെ റൂൾ കർവ് പ്രകാരം നിലനിർത്തേണ്ട ജലനിരപ്പ് 110.49 മീറ്റർ ആണ്. എന്നാൽ 111.19 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്.

വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ഉയരുന്നതിനാൽ റൂൾ കർവിൽ ജലനിരപ്പ് നിലനിർത്തുന്നതിനായാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നിരിക്കുന്നത്. മലമ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനാൽ കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ പത്ത് സെന്റീമീറ്ററാണ് തുറന്നത്. ഡാമിന് സമീപം താമസിക്കുന്നവർക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കർശന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. വൈകുന്നേരം ആറ് മണി മുതൽ രാവിലെ ആറ് മണി വരെയുള്ള സമയത്ത്‌ യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ്‌ വർദ്ധിപ്പിക്കില്ലെന്നും വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഓപ്പറേറ്റിംഗ് സെന്ററിലെ 1077 എന്ന നമ്പറിൽ വിളിക്കാനും നിർദ്ദേശമുണ്ട്.