കൊട്ടിയൂരിൽ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു; മർദിച്ചത് നടനൊപ്പം എത്തിയവർ
Friday 27 June 2025 11:36 AM IST
കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിൽ നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി. ഫോട്ടോഗ്രാഫർ സജീവൻ നായരെയാണ് കൈയേറ്റം ചെയ്തത്. ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവരാണ് കൈയേറ്റം ചെയ്തതെന്നാണ് വിവരം.
ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം നടന്നത്. ചടങ്ങുകൾ കഴിയുംവരെ ഫോട്ടോയെടുക്കാൻ കൊട്ടിയൂർ ദേവസ്വം ബോർഡ് ഏർപ്പാടാക്കിയ വ്യക്തിയാണ് സജീവൻ നായർ. പ്രാദേശിക മാദ്ധ്യമപ്രവർത്തകൻ കൂടിയാണ് അദ്ദേഹം.
രാവിലെ ജയസൂര്യ എത്തിയ സമയത്ത്, ഫോട്ടോയെടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടതുപ്രകാരമാണ് സജീവൻ ചിത്രം പകർത്താൻ ശ്രമിച്ചത്. ഇതിനിടയിലാണ് കൈയേറ്റമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മർദനമേറ്റ സജീവൻ കൊട്ടിയൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.