ജെഎസ്കെ നിർമാതാക്കൾ ആശങ്കയിൽ; സമ്മർദത്തിന് വഴങ്ങി പേര് മാറ്റിയാൽ അത്ഭുതമില്ലെന്ന് ഫെഫ്‌ക

Friday 27 June 2025 11:57 AM IST

കൊച്ചി: സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരളയുടെ (ജെ എസ് കെ) പ്രദർശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ പ്രതികരണവുമായി ഫെഫ്‌ക. സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിലാണെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സമ്മർദത്തിന് വഴങ്ങി പേര് മാറ്റിയാൽ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള എന്ന സിനിമാ ടൈറ്റിലിലെ ജാനകി മാറ്റണമെന്ന നിലപാടിലുറച്ചുനിൽക്കുകയാണ് സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റി. പേര് മാറ്റാതെ പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് അറിയിച്ചതായി സംവിധായകൻ പ്രവീൺ നാരായണൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റേയും കഥാപാത്രത്തിന്റേയും പേരിലെ ജാനകി മാറ്റാൻ റിവൈസിംഗ് കമ്മിറ്റിയും ആവശ്യപ്പെട്ടെന്ന് സംവിധായകൻ ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്. പ്രദർശനാനുമതി നൽകാത്തത് ചൂണ്ടിക്കാട്ടി സിനിമയുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിവൈസിംഗ് കമ്മിറ്റി ചിത്രം വീണ്ടും കണ്ട് വിലയിരുത്താൻ തീരുമാനിച്ചെന്നാണ് സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കും.