ഒരുകാലത്ത് പണം വാരിക്കൂട്ടി; ഈ നഗരത്തിൽ സ്വന്തമായി ഭൂമിയുളളവർ ഇനി പാടുപെടും, വിപണിയിൽ സംഭവിച്ചത്

Friday 27 June 2025 12:08 PM IST

ചണ്ഡീഗഢ്: അടുത്തകാലം വരെ ഇന്ത്യയിലെ റിയൽ എസ്​റ്റേ​റ്റ് മേഖലകളിൽ ഏ​റ്റവും കൂടുതൽ മൂല്യമുണ്ടായിരുന്ന നഗരമായിരുന്നു ഹരിയാനയിലെ ഗുരുഗ്രാം. ഇവിടെ ഒരു സെന്റ് ഭൂമിവാങ്ങാനും കെട്ടിടങ്ങൾ പണിയാനും വാടകയ്ക്ക് വീടുകൾ എടുക്കാനുമുളള തിരക്കിലായിരുന്നു വ്യവസായികൾ ഉൾപ്പടെയുളളവർ. കോടികൾ മുടക്കിയാണ് ഗുരുഗ്രാമിലെ ഓരോ സെന്റ് ഭൂമിയും വാങ്ങിയിരുന്നത്. ഇപ്പോഴിതാ ഗുരുഗ്രാമിലെ റിയൽ എസ്‌​റ്റേ​റ്റ് വ്യവസായം തളർച്ചയിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിയൽ എസ്​റ്റേ​റ്റ് ട്രാക്കറായ വിശാൽ ഭാർഗവ. നാല് മിനിട്ട് വീഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ഗുരുഗ്രാമിലെ റിയൽ എസ്​റ്റേ​റ്റ് വിപണി തകരാനുളള പ്രധാന കാരണങ്ങളും വിശാൽ ഭാർഗവ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗുരുഗ്രാമിൽ അടുത്തിടെ അവതരിപ്പിച്ച സെൽ ഓൺ ലോഞ്ചാണ് കാരണം. അതായത് ഗുരുഗ്രാമിലെ ഏതെങ്കിലും കെട്ടിടം പണിയും മുൻപേ വി​റ്റുപോകുന്നു. ഇത് പണത്തിന്റെ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഗുരുഗ്രാമിലെ റിയൽ എസ്​റ്റേ​റ്റ് ഒരു ചീട്ട് കൊട്ടാരം പോലെ തകരുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇവിടെ പുതുതായി ഒരു വീട് വാങ്ങാൻ പദ്ധതിയിടുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വിശാൽ പറയുന്നു. 2021 മുതലാണ് ഗുരുഗ്രാമിലെ റിയൽ എസ്​റ്റേ​റ്റ് വിപണി കുത്തനെ ഉയർന്നത്. അതുവരെ ഗുരുഗ്രാമിൽ വി​റ്റുപോയ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിലയുടെ മൂന്ന് മടങ്ങാണ് പിന്നീട് ഉടമകൾ സ്വന്തമാക്കിയത്. ബംഗളൂരുവിലെയും ഗുരുഗ്രാമിലെയും കെട്ടിടങ്ങളുടെ വാടക ഒരുപോലെയാണെങ്കിലും ഭൂമിയുടെ വില ബംഗളൂരുവിനേക്കാൾ 30 ശതമാനം കൂടുതലാണ്.

ഗുരുഗ്രാമിൽ ഒരു വലിയ കെട്ടിടം പണിയാനുളള പ്രോജക്ട് ആരംഭിക്കുന്നതിന് മുൻപ് തന്നെ അത് വി​റ്റഴിക്കണമെന്ന വ്യവസായ തന്ത്രമാണ് ഉപയോഗിച്ചത്. വ്യവസായികളാണ് കൂടുതലായും ഗുരുഗ്രാമിലെ പുതുതായി പണിയുന്ന കെട്ടിടങ്ങൾ വാങ്ങുന്നത്. സാധാരണയായി വ്യവസായികൾ ഒരു കെട്ടിടം വാങ്ങുന്നതിനായി അഞ്ച് കോടി രൂപയായിരിക്കും ഡൗൺപേയ്‌മെന്റായി നൽകുന്നത്. എന്നാൽ വെറും മൂന്ന് മാസം കൊണ്ട് തന്നെ കെട്ടിടത്തിന്റെ മൂല്യം ഒരു കോടിയായി മാറും. ഇത് ഉടമകൾക്ക് കൂടുതൽ നഷ്ടമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതോടെ ഉടമകൾ പ്രതിസന്ധിയിലാകും.