'സ്‌കൂളുകളിലെ സൂംബ ഡാൻസ് ധാർമികതയ്‌ക്ക് ക്ഷതമേൽപ്പിക്കുന്നു'; എതിർത്ത് സമസ്‌ത യുവജന വിഭാഗം

Friday 27 June 2025 2:38 PM IST

മലപ്പുറം: സ്‌കൂളുകളിലെ സൂംബ ഡാൻസിനെതിരെ സമസ്‌ത യുവജന വിഭാഗം. ധാർമികതയ്‌ക്ക് ക്ഷതമേൽപ്പിക്കുന്നതാണ് സൂംബ ഡാൻസെന്ന് എസ്‌വൈഎസ്‌ (സമസ്‌ത കേരള സുന്നി യുവജന സംഘം) നേതാവ് അബ്‌ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. രക്ഷിതാക്കൾ ഉണർന്ന് ചിന്തിക്കണമെന്നും പൂക്കോട്ടൂർ ആവശ്യപ്പെട്ടു. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചാണ് സൂംബ ചെയ്യിക്കുന്നത്. ഇത്ര ചെറിയ പ്രായത്തിലേ കുട്ടികളെ ഇടകലരാൻ അനുവദിക്കരുതെന്നും പൂക്കോട്ടൂർ പറഞ്ഞു.

സ്‌കൂളുകളിലെ മാനസിക സമ്മർദം കുറയ്‌ക്കാനാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അദ്ധ്യയന വർഷം മുതൽ സ്‌കൂളുകളിൽ സൂംബ പരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിന് വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പറഞ്ഞിരുന്നു. കുട്ടികൾ ഉന്മേഷത്തോടെ സ്‌കൂളിൽ നിന്ന് മടങ്ങണം. അങ്ങനെ വന്നാൽ ലഹരി സംഘങ്ങൾക്കും മറ്റും കുട്ടികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മാസം മെഗാ സൂംബ നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

സ്‌കൂളുകളിൽ കുട്ടികളെ സൂംബ ഡാൻസ് പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് പരിശീലനം നൽകി. നോ ടു ഡ്രഗ്‌സ് എന്നത് നടപ്പാക്കാനുള്ള ആദ്യ ഘട്ടമാണ് ഇതെന്നും മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. പല സ്‌കൂളുകളിലും പിടിഎ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്.