106 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

Friday 27 June 2025 8:09 PM IST

കൊച്ചി: ബംഗളൂരുവിൽ മലയാളിയായ മയക്കുമരുന്നു വിതരണക്കാരൻ കൈമാറിയ രാസലഹരിയുമായി യുവാക്കൾ കൊച്ചിയിൽ അറസ്റ്റിലായി. കോട്ടയം കങ്ങഴ കാട്ടുപറമ്പിൽ അക്ബർഖാൻ (24), പത്തനംതിട്ട അടൂർ പാറക്കൂട്ടം വി.കെ.ഹൗസിൽ അശ്വിൻ വിജയ് (23) എന്നിവരാണ് സിറ്റി ഡാൻസഫിന്റെ പിടിയിലായത്. വാണിജ്യപരിധി അളവിൽ വരുന്ന 106 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

ഇന്നലെ രാവിലെ എറണാകുളം നോർത്ത്സ്റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങിയ പ്രതികൾ ബംഗളൂരു മലയാളിയുടെ നിർദ്ദേശപ്രകാരം പാലാരിവട്ടം സൗത്ത് ജനതാ റോ‌‌‌ഡിൽ രാസലഹരി കൈമാറാൻ കാത്തുനിൽക്കുമ്പോഴാണ് പിടിയിലായത്. കൈവശമുണ്ടായിരുന്ന ഷോൾ‌‌ഡർ ബാഗിലും പോക്കറ്റുകളിലുമാണ് എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്. എറണാകുളം നഗരത്തിലെയും പരിസരത്തെയും യുവാക്കൾ തങ്ങുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് വിതരണം. അറസ്റ്റിലായ യുവാക്കൾ ആദ്യമായിട്ടാണ് മയക്കുമരുന്ന് വിതരണത്തിന് പിടിയിലാകുന്നത്. രാസലഹരി കൈമാറിയ മലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചി സിറ്റി നർക്കോട്ടിക് സെൽ എ.സി.പി അബ്ദുൾ സലാമിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പാലാരിവട്ടം പൊലീസിന് കൈമാറി.