നട്ടംതിരിഞ്ഞ് വാട്ടർ അതോറിട്ടി,​ കിട്ടാനുള്ളത് 1908 കോടി; കൊടുക്കാൻ 1463 കോടി

Saturday 28 June 2025 12:31 AM IST

തിരുവനന്തപുരം: പിരിച്ചെടുക്കാനും കൊടുത്തുതീർക്കാനുമുള്ള 3,371 കോടിയുടെ ബാദ്ധ്യതയിൽ നട്ടംതിരിഞ്ഞ് വാട്ടർ അതോറിട്ടി. ജീവനക്കാരുടെ ശമ്പളത്തിനും ദൈനംദിന ചെലവുകൾക്കും ബുദ്ധിമുട്ട് നേരിടുന്നു.

പൊതുടാപ്പുകളുടെ കുടിശികയായി അനുവദിച്ചിരുന്ന 719.17 കോടിയും നോൺ പ്ലാൻ ഗ്രാന്റ് ഇനത്തിൽ മൂന്ന് വർഷത്തെ ബഡ്ജറ്റ് വിഹിതത്തിൽ നൽകാനുള്ള 667.41 കോടിയും അടക്കം 1386.58 കോടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി എം.ഡി ജീവൻ ബാബു സർക്കാരിന് പലതവണ കത്തയച്ചിട്ടും നടപടിയുണ്ടായിട്ടില്ല.

സ‌ർക്കാർ, പൊതുമേഖല സ്ഥാപനങ്ങളും വൻകിട ഉപഭോക്താക്കളും അടക്കം വാട്ടർ അതോറിട്ടിക്ക് നൽകാനുള്ള കുടിശിക 1908.33 കോടി രൂപയാണ്. വൈദ്യുതി ചാർജ് ഇനത്തിലും ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള വിഹിതവും അടക്കം 1463 കോടി രൂപ അതോറിട്ടി നൽകാനുമുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി നോൺ പ്ലാൻ ഗ്രാൻഡ് ഇനത്തിൽ ബഡ്ജറ്റ് വിഹിതമായി അനുവദിച്ച 1067.72 കോടിയിൽ 400.31 കോടി മാത്രമാണ് ലഭ്യമാക്കിയതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

719 കോടി കൊടുത്തു,

തിരിച്ചെടുത്തു

പൊതുടാപ്പുകളുടെ കുടിശിക പ്രശ്നത്തിൽ തദ്ദേശവകുപ്പും വാട്ടർ അതോറിട്ടിയും തമ്മിലുണ്ടായ തർക്കത്തിന് പരിഹാരമെന്ന നിലയിൽ 719.17 കോടി രൂപ ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ നിന്ന് അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ തുക മാർച്ച് 29ന് വാട്ടർ അതോറിട്ടിയുടെ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ലഭ്യമായെങ്കിലും 31ന് റിസംപ്ഷൻ ഓർഡർ പ്രകാരം സർക്കാർ പിൻവലിച്ചു. ഈ തുക അടിയന്തരമായി അനുവദിക്കണമെന്നാണ് ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തുകളിൽ എം.ഡി ജീവൻ ബാബു ആവശ്യപ്പെടുന്നത്.

കുടിശികയും വരുമാനവും

(തുക കോടിയിൽ)

 സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ.............................. 125.18

 വൻകിട ഉപഭോക്താക്കൾ...................................................................5.17

 പൊതുടാപ്പ് കുടിശിക...................................................................... 719.17

 മറ്റുള്ള ഉപഭോക്താക്കൾ..............................................................1058.81

 പ്രതിവർഷം പ്രതീക്ഷിക്കുന്ന വരുമാനം................. 2154

 2023-24ൽ ലഭിച്ചത്.......................................................... 1249.11

 പ്രതിവർഷ ചെലവ്.........................................................1908

 ശമ്പളവും പെൻഷനും...................................................900