ഭാരതാംബ: ഗവർണർക്ക് ഉപദേശം നൽകിയെന്ന് മന്ത്രി

Saturday 28 June 2025 12:33 AM IST

തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ ഗവർണർ ഭരണഘടനാ പ്രകാരം പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി. രാജീവ്. ഭരണഘടനാപ്രകാരം ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശ പ്രകാരമാണ്. ആ ഉപദേശം സർക്കാർ നൽകിയിട്ടുണ്ട്. ഗവർണർക്ക് സ്വകാര്യ ചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോൾ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനൊന്നും പ്രശ്നമില്ല. എന്നാൽ, സർക്കാർ പരിപാടികളിൽ ഭരണഘടനാ ചിഹ്നങ്ങളാണ് ഉപയോഗിക്കേണ്ടത്.

ഭൂപരിഷ്‌കരണ നിയമം മാറ്റാതെ തന്നെ വ്യാവസായിക ആവശ്യങ്ങൾക്കായി അതിലെ ഇളവ് വ്യവസ്ഥകൾ ലഘൂകരിച്ച് നടപ്പാക്കാനാണ് ശ്രമം. ഇതുസംബന്ധിച്ച സർക്കുലറുകളെ ചില ഉദ്യോഗസ്ഥർ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. ആശയക്കുഴപ്പം മാറ്റി നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.

നിലവിലെ നിയമത്തിലെ ഇളവുകൾ നടപ്പാക്കുന്നതിൽ ചില സങ്കീർണതകളുണ്ട്. അത് മന്ത്രിസഭ ചർച്ച ചെയ്തിരുന്നു. ഇതിനകം നാല് സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ഇളവ് നൽകി. പ്ലാന്റേഷനുമായി ബന്ധപ്പെട്ട് ഭൂപരിഷ്‌കരണ നിയമത്തിൽ മാറ്റം വേണമെന്ന ആവശ്യം വന്നിട്ടുണ്ട്. 10 വർഷത്തിൽ കൂടുതൽ ആയുസുള്ള വൃക്ഷങ്ങൾ പ്ലാന്റേഷനിൽ നട്ടുവളർത്തണമെന്ന ശുപാർശ സർക്കാരിന്റ പരിഗണനയിലാണ്.