പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: പ്ളസ് വൺ മുഖ്യഅലോട്ട്‌മെന്റിൽ അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് ഇന്ന് രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും വിവരങ്ങളും രാവിലെ ഒൻപതിന് https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയശേഷം ടി.സി വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാനാവില്ല.
അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ളവയുടെ തിരുത്തലിന് അവസരം പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ട് പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് അപേക്ഷ പുതുക്കാൻ സൗകര്യമുണ്ട്. അപേക്ഷകളിലെ പിഴവുകൾ തിരുത്തിവേണം അപേക്ഷിക്കേണ്ടത്.
മെരിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി മോഡൽ അലോട്ട്‌മെന്റിനോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷയും ക്ഷണിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള വിശദനിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ. അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള നിർദ്ദേശങ്ങളും സാങ്കേതികസഹായങ്ങളും സ്‌കൂൾ ഹെൽപ് ഡെസ്‌കുകളിലൂടെ നൽകാൻ സ്‌കൂൾ പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണം.