ജാതീയതയ്ക്കെതിരെ നാടിനെ ഉണർത്തിയത് കേരളകൗമുദി : ചിറ്റയം ഗോപകുമാർ

Saturday 28 June 2025 12:57 AM IST

പത്തനംതിട്ട: ജാതീയതയ്ക്കെതിരെ നാടിനെ ഉണർത്തിയ പത്രമാണ് കേരളകൗമുദിയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് സ്വന്തം ആസ്ഥാനമന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചതിന്റെ ഒന്നാംവാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിക്കപ്പുറം എല്ലാവരും മനുഷ്യരാണന്ന വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്തോടെ തുടങ്ങിയതാണ് കേരളകൗമുദി. ജനങ്ങളെ ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വത്തിലേക്ക് നയിക്കുന്നതിന് ഒരു പത്രം ആവശ്യമാണെന്ന് ഗുരുദേവൻ ചിന്തിച്ചു. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും പ്രശ്നങ്ങൾ അധികൃതർക്ക് മുന്നിൽ അവതരിപ്പിക്കുന്ന കേരളകൗമുദി അതിന് പരിഹാരം കാണുന്നതിലും ശ്രദ്ധിക്കാറുണ്ട്. ഭരണഘടന സംരക്ഷിക്കുന്നതിന് കേരളകൗമുദി പത്രം വഹിക്കുന്ന പങ്ക് വലുതാണെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.

കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. നടിയും നർത്തകിയുമായ ശാലുമേനോൻ കേക്ക് മുറിച്ച് ആഘോഷചടങ്ങുകൾക്ക് തുടക്കമിട്ടു. കേരളകൗമുദി ഹെൽത്ത് ടിപ്സ് മാഗസിൻ പ്രകാശനം ജില്ലാ മെഡിക്കൽ ഓഫീസർ എൽ.അനിതകുമാരി ശാലുമേനോന് നൽകി നിർവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ മുഖ്യാതിഥിയായിരുന്നു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ ചെയർമാൻ കെ.പത്മകുമാർ, തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി, കോഴഞ്ചേരി യൂണിയൻ ചെയർമാൻ കെ.മോഹൻബാബു, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ എന്നിവർ സംസാരിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി അംഗം പി.മോഹൻരാജ്, നഗരസഭ കൗൺസിലർ പി.കെ.അനീഷ്, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, കോഴഞ്ചേരി യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.ആർ.സലിലനാഥ്, എസ്.എൻ ട്രസ്റ്റ് ബോർഡംഗം വി.എസ്.യശോധരപ്പണിക്കർ, പത്തനംതിട്ട ടൗൺ ശാഖാ സെക്രട്ടറി സി.കെ.സോമരാജൻ, പന്തളം യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർക്കോണം, അഡ്വ.സത്യാനന്ദപ്പണിക്കർ, ഡി.സജിനാഥ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ, കേരളകോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ജേക്കബ്, കോന്നി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ, എൻ.സി.പി.എസ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ശ്രീഗണേഷ്, സബിത ഐ കെയർ എം.ഡി ഡോ.സബിത, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി.കെ.ഗോപി, ചന്ദനപ്പള്ളി സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോസ് പള്ളിവാതുക്കൻ, സിനിമ പ്രേക്ഷക കൂട്ടായ്മ ജനറൽ സെക്രട്ടറി സലിം പി.ചാക്കോ, ഡി.സി.സി അംഗങ്ങളായ സജി കെ.സൈമൺ, അബ്ദുൾ കലാം ആസാദ്, മുതിർന്ന ഏജന്റുമാരായ സാം വാര്യാപുരം, രമാദേവി, റീഡേഴ്സ് ക്ളബ് പ്രസിഡന്റ് കൂടൽ നോബൽ കുമാർ, രമേശ് ആനപ്പാറ തുടങ്ങിയവർ പങ്കെടുത്തു.