വാൻ ഹായ് കപ്പലിൽ വീണ്ടും തീ,​ ആശങ്ക

Saturday 28 June 2025 12:05 AM IST

കൊച്ചി: അഗ്നിബാധ പൂർണമായും ഒഴിവാക്കാനുള്ള തീവ്രശ്രമങ്ങൾക്കിടെ ചരക്കുകപ്പൽ വാൻ ഹായിൽ വീണ്ടും തീഉയർന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കപ്പലിന്റെ നാലാംനമ്പർ അറയുടെ മൂടിതകർന്നു. കണ്ടെയ്‌നറുകൾ തകിടംമറിഞ്ഞുവീണു. ഇതോടെ അറയിലേക്ക് വായുസഞ്ചാരം കൂടി. മൂടി തകർന്നത് തീപിടിത്തിന് ആക്കംകൂട്ടിയെന്ന് ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് അറിയിച്ചു. നേരത്തെ ബേ 14ൽ തീപിടിത്തമുണ്ടായി കറുത്തപുക ഉയർന്നിരുന്നു. കപ്പൽ എത്രയുംവേഗം അന്താരാഷ്ട്ര കപ്പൽ ചാലിൽനിന്ന് മാറ്രാനുള്ള ഊർജിത ശ്രമത്തിലാണ്.

വെള്ളം പമ്പുചെയ്ത് തീയണയ്ക്കാനുള്ള ശ്രമം എൻജിൻ റൂമിലേക്കടക്കം വെള്ളം നിറയാൻ ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കാർബൺഡൈ ഓക്‌സൈഡ് പ്രയോഗിച്ചായിരുന്നു തീകെടുത്തിയിരുന്നത്. ഇതിനായി 198 സിലിണ്ടറുകൾ മേഖലയിൽ എത്തിച്ചിരുന്നു. എന്നാൽ തീപിടിത്തമുണ്ടായ നാലാംഅറയിൽ ഇത് പ്രയോഗിക്കാൻ സാധിക്കില്ല. ഇതിനാൽ ബോകവിംഗർ, സക്ഷം, സരോജ് ബ്ലെസിംഗ് എന്നി കപ്പലുകൾ വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

കൊച്ചി തീരത്തുനിന്ന് 88 കിലോമീറ്റർ അകലെയാണ് ഇപ്പോൾ കപ്പൽ. രണ്ട് കപ്പൽ കെട്ടിവലിച്ച് വാൻഹായെ 200 കിലോമീറ്റർ അകലേയ്ക്ക് മാറ്റാനുള്ള ദൗത്യമാണ് പുരോഗമിക്കുന്നത്.

കപ്പൽ പോർട്ടിൽ എത്തിക്കുന്നതിനായി ശ്രീലങ്കയുടെ സഹായംതേടി. ശ്രീലങ്കയുടെ ടഗ്ഗായ അറ്റ്‌ലാന്റിസ് വിർഗോയുടെ സഹായമാണ് തേടുന്നത്. തീ അണച്ചശേഷം കപ്പൽ ഹമ്പൻടോട്ട തുറമുഖത്തേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം.