വയനാട്ടിൽ സ്നേഹഭവനം നിർമ്മിക്കാൻ എൻ.എസ്.എസ് നാലരക്കോടി കൈമാറും
Saturday 28 June 2025 1:21 AM IST
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള സ്‌നേഹഭവനങ്ങൾ നിർമ്മിക്കാൻ നാഷണൽ സർവീസ് സ്‌കീം(എൻ.എസ്.എസ്)ഒന്നാംഘട്ടമായി നാലരക്കോടി രൂപ സമാഹരിച്ചു.
30ന് വൈകിട്ട് 5ന് കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളേജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുക ഏറ്റുവാങ്ങുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വേസ്റ്റ് പേപ്പർ ചലഞ്ച്,ബിരിയാണി ചലഞ്ച്,ആർട്ട് എക്സിബിഷൻ,ഭക്ഷ്യമേള,ഓണം ഫെസ്റ്റ്,ഉത്പന്നങ്ങൾ നിർമ്മിച്ചുള്ള വില്പനകൾ, കൂപ്പൺ നറുക്കെടുപ്പ് തുടങ്ങിയ പരിപാടികളിലൂടെയാണ് എൻ.എസ്.എസ് യൂണിറ്റുകളുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ ആദ്യഘട്ട തുക സമാഹരിച്ചത്.
അടുത്തഘട്ടപ്രവർത്തനങ്ങൾ ജൂലായ് ഒന്ന് മുതൽ തുടങ്ങും. ഒരുമാസം നീളുന്ന ക്യാമ്പയിനിലൂടെ ഭവനനിർമ്മാണ പദ്ധതിയുടെ ധനസമാഹരണവും പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.