മരവിച്ച 15 ലക്ഷം ഫയലിന് ജീവൻ,​ തീർപ്പാക്കൽ അദാലത്ത് ജൂലായ് 1 - ആഗസ്റ്റ് 31

Saturday 28 June 2025 12:22 AM IST

തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമെന്ന് മുഖ്യമന്ത്രി ഇടയ്ക്കിടെ ഓർമ്മിപ്പിച്ചിട്ടും കെട്ടിക്കിടക്കുന്നത് 15 ലക്ഷത്തിലേറെ. അവ തീർപ്പാക്കാൻ പിണറായി വിജയൻ തന്നെ മുൻകൈയെടുത്ത് വീണ്ടും അദാലത്ത് നടത്തുന്നു. ജൂലായ് ഒന്നുമുതൽ ആഗസ്റ്റ് 31 വരെയാണിത്.

സെക്രട്ടേറിയറ്റിലും ഡയറക്ടറേറ്റുകളിലുമാണ് സിംഹഭാഗം ഫയലുകളും വിശ്രമിക്കുന്നത്. കൂടുതലും ധനവകുപ്പിൽ. അദാലത്തിനുള്ള ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ഇന്നലെ മുഖ്യമന്ത്രി നിർദ്ദേശിച്ചു. തീർപ്പാക്കലിന് വ്യവസ്ഥകളാണ് തടസമെങ്കിൽ ഭേദഗതിയാവാം. അതിന് ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേർന്ന് ശുപാർശ നൽകണം.

സെക്രട്ടേറിയറ്റിൽ ബന്ധപ്പെട്ട വകുപ്പ് അദ്ധ്യക്ഷന്മാരുടെ യോഗം വിളിച്ച് നിർദ്ദേശങ്ങളും കർമ്മപദ്ധതിയും വിശദീകരിക്കണം. സെക്രട്ടറിമാർക്കും വകുപ്പ് അദ്ധ്യക്ഷന്മാർക്കുമാണ് മേൽനോട്ടച്ചുമതല. വകുപ്പുകളുടെ അഭിപ്രായം തേടിയിട്ടുള്ള ഫയലുകളിലെ കാലതാമസം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി മാർഗനിർദ്ദേശം പുറപ്പെടുവിക്കണം. കാലങ്ങളായി കാത്തുകിടക്കുന്ന ഫയലുകളിൽ അന്തിമ അഭിപ്രായം 15 ദിവസത്തിനകം ലഭ്യമാക്കണം.

ഫയൽ തീർപ്പാക്കൽ കാര്യക്ഷമമാക്കാനും വിവരങ്ങൾ ശേഖരിക്കാനും ഐ.ടി വകുപ്പുമായി ചേർന്ന് പോർട്ടൽ ഏർപ്പെടുത്തണം. മന്ത്രിമാരും മന്ത്രിസഭയും പുരോഗതി ഇടവേളകളിൽ വിലയിരുത്തും. ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്ന ധനകാര്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം. മറ്റു വകുപ്പുകൾ നൽകിയിട്ടുള്ള ഫയലുകളിൽ തീരുമാനത്തിന് ധനകാര്യ വകുപ്പുമായി ചേർന്ന് അദാലത്ത് സംഘടിപ്പിക്കണം. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

തീർപ്പാക്കൽ മൂന്ന്

തലത്തിൽ

സെക്രട്ടേറിയറ്റ് തലം, വകുപ്പ് മേധാവി തലം, പൊതുജനങ്ങളുമായി സമ്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്ന് തലത്തിലാവും തീർപ്പാക്കൽ. വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് മുൻഗണനാക്രമം നിശ്ചയിക്കും.

വീഴ്ചവരുത്തിയാൽ

കടുത്ത നടപടി

1 ഫയൽ അദാലത്തിന് സെക്രട്ടറിമാർ നേരിട്ട് മേൽനോട്ടം വഹിക്കണം

2 ഡയറക്ടറേറ്റുൾപ്പെടെ മറ്റു സ്ഥാപനങ്ങളിലെ മേൽനോട്ടവും സെക്രട്ടറിക്ക്

3 അദാലത്തിൽ വീഴ്ചവരുത്തിയാൽ കർശന നടപടിക്ക് മുഖ്യമന്ത്രി​ നിർദ്ദേശിച്ചു

4 സാങ്കേതിക പ്രശ്നങ്ങളൊഴിവാക്കി ഫയലിലെ ആവശ്യം തീർപ്പാക്കാനാകണം

5 പ്രതിമാസ യോഗത്തിൽ ചീഫ് സെക്രട്ടറി പുരോഗതി വിലയിരുത്തണം

മുന്നിലെത്തുന്ന ഓരോ അപേക്ഷകനോടും ഉദ്യോഗസ്ഥർ മനുഷ്യത്വം കാട്ടണം. പക്ഷേ, മാറ്റത്തിന് ചിലരെങ്കിലും ഇപ്പോഴും തയ്യാറല്ല.

- മുഖ്യമന്ത്രി പിണറായി വിജയൻ

15.24 ലക്ഷം

സെക്രട്ടേറിയറ്റിലുൾപ്പെടെ കെട്ടിക്കിടക്കുന്നവ

26,257

ധനകാര്യ വകുപ്പിൽ

(നിയമസഭയിൽ നൽകിയ കണക്ക്)