ജെ.എസ്.കെ ജാനകി എന്ന പേരിന് കുഴപ്പമെന്തെന്ന് ഹൈക്കോടതി
കൊച്ചി: സിനിമയിൽ ജാനകി എന്ന പേര് ഉപയോഗിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി. സുരേഷ് ഗോപിയുടെ പുതിയ ചിത്രം ' ജെ.എസ്.കെ-ജാനകി Vs സ്റ്റേറ്റ് ഒഫ് കേരള'യുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ചോദ്യം. സമാനപേരുകളിൽ നേരത്തെയും സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ എന്തുകൊണ്ടാണ്. ഹർജി വീണ്ടും പരിഗണിക്കുന്ന 30ന് സെൻസർ ബോർഡ് തീരുമാനത്തിന്റെ പകർപ്പ് ഹാജരാക്കാൻ ഉത്തരവിട്ടു. സെൻസർബോർഡും റിവൈസിംഗ് കമ്മിറ്റിയും സിനിമയ്ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് നിർമ്മാതാക്കളായ കോസ്മോ എന്റർടെയ്ൻമെന്റ് ഹർജി നൽകിയത്. മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ചിത്രത്തിന്റെ പേരെന്നും 16 വയസിൽ താഴെയുള്ളവർക്ക് ചിത്രംകാണാൻ വിലക്കുണ്ടെന്നുമായിരുന്നു ബോർഡിന്റെ വാദം.
സെൻസർ ബോർഡിന് മുമ്പിൽ 30ന് ധർണ
ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരളയിലെ (ജെ.എസ്.കെ) കഥാപാത്രത്തിന്റെ പേരുമാറ്റാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന നിലപാടിനെതിരെ സെൻസർ ബോർഡിന്റെ തിരുവനന്തപുരത്തെ ഓഫീസിന് മുമ്പിൽ 30ന് സിനിമാപ്രവർത്തകർ ധർണ നടത്തും. ഫെഫ്കയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ധർണയിൽ നിർമ്മാതാക്കൾ,അഭിനേതാക്കൾ എന്നിവർ പങ്കെടുക്കും. രാവിലെ 10ന് ധർണ ആരംഭിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ,ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പറഞ്ഞു. സെൻസർ ബോർഡിന്റെ നിലപാടിനെതിരെ നിർമ്മാതാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിനുശേഷം കൂടുതൽ പ്രതിഷേധപരിപാടികൾ ആലോചിക്കും. ടീസറും ട്രെയ്ലറും പ്രദർശിപ്പിക്കാൻ അനുമതി നൽകിയശേഷം മുഖ്യകഥാപാത്രത്തിന്റെ ജാനകി എന്നപേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. രാഷ്ട്രീയസമ്മർദ്ദമാണ് ബോർഡിന്റെ നിർദ്ദേശത്തിന് പിന്നിലെന്ന് കരുതുന്നില്ല. രാജാവിനെക്കാൾ രാജഭക്തി കാണിക്കാൻ ചിലർ ശ്രമിക്കുന്നതാണ്. സിനിമയുടെ മാത്രമല്ല സർഗാത്മകമായ കാര്യങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.