ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് പ്രതിനിധി ആര്യാടൻ ഷൗക്കത്ത് നിയമസഭാ സാമാജികനായി സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്കുശേഷം 3.35ന് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,മന്ത്രിമാരായ എം.ബി.രാജേഷ്,കെ.രാജൻ,നിയമസഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണ കുമാർ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിന് തൊട്ടു മുമ്പ് സ്പീക്കറുടെ ചേംബറിലെത്തി സ്പീക്കറെ കണ്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ആര്യാടൻ ഷൗക്കത്ത് ചടങ്ങിനെത്തിയത്. സണ്ണി ജോസഫ് എം.എൽ.എ, അടൂർ പ്രകാശ് എം.പി, ലോക്‌സഭാംഗങ്ങളായ ബെന്നി ബെഹ്നാൻ,ഷാഫി പറമ്പിൽ,രമേശ് ചെന്നിത്തല,പി.സി. വിഷ്ണുനാഥ് എം.എൽ.എ, കോൺഗ്രസ് നേതാക്കളായ ജ്യോതികുമാർ ചാമക്കാല,കെ.സി.ജോസഫ്, വി.എസ്. ജോയ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്തിനെ മുഖ്യമന്ത്രിയും സ്പീക്കറും അഭിനന്ദിച്ചു.