പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ ഇംഗ്ളീഷ് സംസാരിക്കാൻ പ്രാപ്തരാക്കും, മാസ്റ്റർ പ്ലാനുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവരാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇംഗ്ലീഷിൽ ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താനും എഴുതാനും ഇംഗ്ലീഷ് രചനകളുടെ സ്വതന്ത്രവായനയ്ക്കും കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനായി അക്കാഡമിക് മാസ്റ്റർ പ്ലാനിൽ പ്രത്യേക പ്രവർത്തനങ്ങൾ വകുപ്പ് ആവിഷ്കരിച്ചു. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം കുട്ടികൾ പോലും ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിൽ പിന്നാക്കമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ വകുപ്പ് തീരുമാനിച്ചത്. ഇതിനായി സ്കൂളുകൾക്ക് മാർഗനിർദ്ദേശം നൽകി.
ഗ്രൂപ്പ് ചർച്ച,സ്കിറ്റ്, സംവാദം, സിനിമ
# ഇംഗ്ലീഷിൽ ദൈനംദിന ക്ലാസ് റൂം സംഭാഷണങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ എന്നിവയ്ക്ക് പുറമേ ഇംഗ്ലീഷ് തീയറ്റർ, റോൾ പ്ലേ, സ്കിറ്റുകൾ, ഇംഗ്ലീഷ് സംവാദം, പ്രസംഗം എന്നിവ സംഘടിപ്പിക്കും.
# ഇംഗ്ലീഷ് പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ എന്നിവ വായിക്കാനും കഥ, കവിത, ലേഖനം എന്നിവ എഴുതാനും പ്രോത്സാഹിപ്പിക്കും. ഇംഗ്ലീഷ് പത്രം, മാഗസിനുകൾ എന്നിവ തയ്യാറാക്കാൻ കുട്ടികൾക്ക് അവസരമൊരുക്കും,
# ഇംഗ്ലീഷ് സിനിമകൾ കാണാൻ അവസരമൊരുക്കും, ഇംഗ്ലീഷ് ഫെസ്റ്റ്, ഇംഗ്ലീഷ് ഡേ എന്നിവയും വിദഗ്ധരെ പങ്കെടുപ്പിച്ച് ഇംഗ്ലീഷ് ശിൽപശാലയും നടത്തും.
# ഭാഷാ വികസനത്തിനായി ഇംഗ്ലീഷ് പഠന ആപ്പുകൾ, ഓഡിയോ വീഡിയോ പ്ലാറ്റ് ഫോമുകൾ പ്രയോജനപ്പെടുത്തുക, ഇംഗ്ലീഷ് ബ്ലോഗ് തയാറാക്കാൻ കുട്ടികളെ പ്രാപ്തരാക്കുക.