ക്ഷേത്രദർശനത്തിനിടെ ജയസൂര്യയുടെ ചിത്രം പകർത്തിയയാൾക്ക് മർദ്ദനം
Saturday 28 June 2025 12:19 AM IST
കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ നടനൊപ്പമുണ്ടായിരുന്നവർ മർദ്ദിച്ചു. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദ്ദനമേറ്റത്. ദേവസ്വം ഫോട്ടോഗ്രാഫറാണെന്ന് പറഞ്ഞിട്ടും മർദ്ദനം തുടർന്നെന്ന് സജീവ് പറഞ്ഞു. ഇന്നലെ രാവിലെ എട്ടരയോടെയാണ് ജയസൂര്യ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ദേവസ്വം ആവശ്യപ്പെട്ടത് പ്രകാരമാണ് ജയസൂര്യയുടെ ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങളെടുക്കാൻ സജീവെത്തിയത്. സജീവ് കൊട്ടിയൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹം കൊട്ടിയൂർ പൊലീസിൽ പരാതിയും നൽകി. ദൃശ്യങ്ങൾ പരിശോധിച്ച് പരാതിയിൽ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.