വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Saturday 28 June 2025 12:31 AM IST

പാലക്കാട്: തച്ചനാട്ടുകര ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പൊലീസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സ്‌കൂൾ അധികൃതർ എന്നിവരിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും പഠിച്ചിരുന്ന ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളും കമ്മിഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ, കമ്മിഷൻ അംഗം കെ.കെ.ഷാജു എന്നിവർ സന്ദർശിച്ചു.

വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് ഉണ്ടായേക്കാവുന്ന മാനസികാഘാതം കണക്കിലെടുത്ത് സഹപാഠികൾക്കും സ്‌കൂൾ ബസിൽ ഒപ്പം ഉണ്ടാകാറുള്ള കുട്ടികൾക്കും അദ്ധ്യാപകർക്കും തിങ്കളാഴ്ച മുതൽ കൗൺസലിംഗ് നൽകുന്നതിന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് ചെയർമാൻ നിർദ്ദേശം നൽകി.

കുട്ടികൾക്ക് സന്തോഷം പകരുന്ന രീതിയിൽ അവരുടെ അവകാശങ്ങൾ നിലനിറുത്തുന്ന അന്തരീക്ഷം സ്‌കൂൾ മാനേജ്‌മെന്റ് ഉറപ്പുവരുത്തണം. പൊലീസ് ഉദ്യോഗസ്ഥരുമായും കമ്മിഷൻ കൂടിക്കാഴ്ച നടത്തി, വിട്ടു വീഴ്ചയില്ലാതെ കൃത്യമായ നടപടികൾ എടുക്കണമെന്നും നിർദ്ദേശിച്ചു. കമ്മിഷന്റെ തുടർ നിരീക്ഷണവും ഉണ്ടാകും. മാതാപിതാക്കളായ പ്രശാന്ത്, സജിത, അമ്മാവനായ കണ്ണൻ, തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലിം എന്നിവരാേടും പൊതുജനങ്ങളാേടും ചെയർമാൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിതാവ് ബാലവകാശ കമ്മിഷന് രേഖാമൂലം പരാതി സമർപ്പിച്ചു.