ചെറുകടവിൽ വീണ്ടും കാട്ടാന, കൃഷികൾ നശിപ്പിച്ചു

Saturday 28 June 2025 12:37 AM IST
ചെറുകടവിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന നശിപ്പിച്ച വാഴകൾ

പത്തനാപുരം: ജനവാസ മേഖലയിലെ ചാലിയക്കരയ്ക്ക് സമീപത്തെ ചെറുകടവിൽ വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ചെറുകടവ് കാനാത്ത് വീട്ടിൽ മത്തായിയുടെ റബർ, മരച്ചീനി, വാഴ തുടങ്ങിയവ കാട്ടാന നശിപ്പിച്ചു.

വീടിന് സമീപത്താണ് അങ്കണവാടി, ഹെൽത്ത് സെന്റർ തുടങ്ങിയവ സ്ഥിതി ചെയ്യുന്നത്. ഇവിടെ കാട്ടാന ഇറങ്ങുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. വനാതിർത്തിയോട് ചേർന്ന സ്ഥലത്ത് കാട്ടാനകൾ കയറാതിരിക്കാൻ വനം വകുപ്പ് കിടങ്ങുകൾ നിർമ്മിച്ചിരുന്നു. എന്നാൽ ഇതിനു മുമ്പ് കാട്ടാനകൾ ജനവാസ മേഖലകളിലെ കാട്ടിൽ തമ്പടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കിടങ്ങുകൾ എടുത്ത ശേഷം ജനവാസ മേഖലയിൽ കണ്ട കാട്ടാനയെ മത്തായിയുടെ ബന്ധു ജോമോൻ വിരട്ടി ഓടിക്കുന്നതിനിടെ വീണ് പരിക്കേറ്റിരുന്നു. ഇവിടെയുള്ള കാട്ടാനയെ വനത്തിൽ കയറ്റിവിട്ട ശേഷം കിടങ്ങുകൾ എടുത്തിരുന്നെങ്കിൽ ശല്യം ഒഴുവാകുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.