റൂറൽ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ടത് 18 കോടി
കൊല്ലം: റൂറൽ ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ കൂടുന്നു. ഈ സാമ്പത്തിക വർഷം 103 കേസുകൾ രജിസ്റ്റർ ചെയ്തു. 18 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഇതിൽ 1.72 കോടി രൂപ തുടർ നടപടികളിലൂടെ തിരികെ ലഭിച്ചു. വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലായി കൈക്കലാക്കിയ തുകയാണ് കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പരാതിക്കാർക്ക് നൽകിയത്.
തട്ടിപ്പിൽപ്പെട്ടതായി സംശയം തോന്നിയാൽ ഉടൻ 1930 എന്ന ഹെൽപ്പ് ലൈനിൽ വിളിച്ചറിയിക്കണം. തുടർന്ന് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി രേഖാമൂലം നൽകണം. തട്ടിപ്പുകാർ വ്യാജ ട്രേഡിംഗ് ആപ്ളിക്കേഷൻ ലിങ്കുകൾ, ഓൺലൈൻ പാർട് ടൈം ജോബുകൾ തുടങ്ങി പലതരത്തിലാണ് സമീപിക്കുന്നത്.
വെർച്വൽ അറസ്റ്റ്, ഓൺലൈൻ വായ്പകൾ തുടങ്ങി സാധാരണക്കാരെ ഭീതിപ്പെടുത്തിയും മോഹിപ്പിച്ചും തട്ടിപ്പ് നടത്താറുണ്ട്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളിൽ നിന്നും അക്കൗണ്ട് ഡീറ്റെയിൽസ്, എ.ടി.എം കാർഡുകൾ കൈക്കലാക്കിയും തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് വിവരം. ഇവ മറ്റുള്ളവർക്ക് കൈമാറരുത്. ഒരു അന്വേഷണ ഏജൻസിയും സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കാൾ ചെയ്ത് വെർച്വൽ അറസ്റ്റ് ചെയ്യില്ലെന്നും പൊലീസ് അറിയിച്ചു.
ഓൺലൈൻ തട്ടിപ്പുകൾ പലവിധത്തിലുണ്ട്. അതിൽ വീണുപോകരുത്. ജാഗ്രത വേണം.
കെ.എം.സാബു മാത്യു,
റൂറൽ എസ്.പി