പഴംപൊരിയുടെ പഴക്കത്തെ ചൊല്ലി അടി

Saturday 28 June 2025 12:53 AM IST

കൊല്ലം: അമ്പലംകുന്ന് ചെറുവയ്ക്കലിൽ പഴംപൊരിയുടെ പഴക്കത്തെച്ചൊല്ലി കടയുടമയും പ്രദേശവാസിയും ഏറ്റുമുട്ടി. പരിക്കേറ്റ കടയുടമ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ചായ കുടിക്കാനെത്തിയ പ്രദേശവാസി പഴംപൊഴി കഴിച്ച ശേഷം ഇത് ഇന്നലത്തെയാണോ എന്ന് കളിയാക്കി ചോദിച്ചു. ഇന്നലത്തെയല്ല മെനഞ്ഞാത്തെയാണെന്ന് കടയുടമ മറുപടി നൽകിയതോടെ പ്രദേശവാസി ക്ഷുഭിതനായി അസഭ്യവർഷവും വധഭീഷണിയും മുഴക്കിയ ശേഷം കടയുടമയെ മർദ്ദിക്കുകയായിരുന്നു. സംഭവം ചൂണ്ടിക്കാട്ടി കടയുടമ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.