അലയമൺ വീട്ടിൽ 'കല'യാണ് കാര്യം!
കൊല്ലം: അഞ്ചൽ അലയമൺ താന്നിവിള വീട് നിറയെ 'കല'യാണ്!. പ്രൊഫഷണൽ മിമിക്രി കലാകാരൻ രാജേഷ് ബാബു (47), ഭാര്യ രേണുക രാജേഷ്, മക്കളായ ദിയ രാജേഷ് (18), ലയ രാജേഷ് (13) എന്നിവരാണ് വീട്ടിലെയും നാട്ടിലെയും താരങ്ങൾ.
രാജേഷാണ് എല്ലാവരുടെയും ഗുരുനാഥൻ. ജാനകിഅമ്മ, വൈക്കം വിജയലക്ഷ്മി, ശുഭ തുടങ്ങിയ ഗായികമാരുടെ ശബ്ദങ്ങളാണ് പ്രധാനമായും ദിയയും ലയയും രേണുകയും അനുകരിക്കുന്നത്. ജനാർദ്ദനൻ, സത്യൻ തുടങ്ങിയ നടന്മാരുടെയും സംഗീത ഉപകരണങ്ങളുടെയും പ്രകൃതിയിൽ നിന്നുള്ള ശബ്ദങ്ങളുമാണ് രാജേഷിന്റെ ഐറ്റങ്ങൾ. ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് രാജേഷ് ആദ്യമായി മിമിക്രി രംഗത്തേക്ക് എത്തുന്നത്. ചുറ്രുമുള്ള ശബ്ദങ്ങൾ അനുകരിച്ചായിരുന്നു തുടക്കം. മത്സരങ്ങളിൽ വിജയിച്ച് തുടങ്ങിയപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചു. കോളേജ് പഠനത്തിന് ശേഷം മിമിക്രിയെ ജീവിതോപാധിയാക്കി.
വിവാഹ ശേഷമാണ് രേണുക തന്റെ ഉള്ളിലെ അനുകരണ കലയെ തിരിച്ചറിയുന്നത്. രാജേഷിന്റെ പ്രോത്സാഹനത്തിൽ നാട്ടിലെ പരിപാടികളിലടക്കം രേണുക സജീവമായി. കുടുംബത്തിന് സ്വന്തമായി ട്രൂപ്പും ഉണ്ട്. ഡൽഹിയിൽ ഉൾപ്പടെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
അച്ഛനെ അനുകരിച്ച് തുടക്കം
അച്ഛന് രാജേഷിന്റെ പരിപാടികൾക്ക് കൂട്ടുപോയാണ് ദിയ മിമിക്രിയോട് കൂട്ടുകൂടുന്നത്. മകളുടെ അഭിരുചി തിരിച്ചറിഞ്ഞ രാജേഷ് തന്നെ പരിശീലനം നൽകി. ദിയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലയ മിമിക്രിയിലേക്ക് എത്തുന്നത്. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദിയയും 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലയയും എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. നല്ല ഗായകരാണ് ഇരുവരും. ചിത്രരചനയും കൈവശമുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ് ദിയ. അഞ്ചൽ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയാണ് ലയ.
മക്കളും തന്റെ പാതയിൽ സഞ്ചരിക്കുന്നതിൽ ഏറെ സന്തോഷം.
രാജേഷ്