630 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Saturday 28 June 2025 1:02 AM IST

കൊല്ലം: രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 630 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. കൊല്ലം ഈസ്റ്റ് വൈദ്യശാല മുക്കിൽ (ഗാന്ധിനഗർ 117) എടത്തറ വീട്ടിൽ വിഷ്ണു (32), മൺറോത്തുരുത്ത് നെന്മേനി അഞ്ജലി വീട്ടിൽ കോട്ടൻ എന്ന് വിളിക്കുന്ന അർജുൻ (24) എന്നിവരാണ് പിടിയിലായത്.

കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ആർ.രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം വിഷ്ണുവിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. അവിടെ നിന്ന് 130 ഗ്രാം കഞ്ചാവ് കണ്ടെത്തി. വിഷ്ണുവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അർജ്ജുന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 500 ഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തത്.

പ്രിവന്റീവ് ഓഫീസർ എ.ഷിഹാബുദ്ദീൻ, സി.ഇ.ഒമാരായ എസ്.എസ്.ശ്രീനാഥ്, വി.അജീഷ് ബാബു, വൈശാഖ്, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി, ഡ്രൈവർ ശിവപ്രകാശ്, കൊല്ലം ഐ.ബി ഇൻസ്പെക്ടർ ബി.ദിനേശ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എസ്.വിനയകുമാർ, ജെ.ജോൺ, സി.ബിജുമോൻ, ഡ്രൈവർ ഡി.ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.