ജില്ലയിൽ വൻ ലഹരിവേട്ട; 48 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു

Saturday 28 June 2025 1:04 AM IST

കൊല്ലം: എക്സ് സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ രണ്ടുലക്ഷം രൂപ വിലയുള്ള 48 ഗ്രാം എം.ഡി.എം.എ പിടികൂടി. മുഖ്യപ്രതി ഓടി രക്ഷപ്പെട്ടെങ്കിലും സഹായിയും വാങ്ങാനെത്തിയ രണ്ടുപേരും എക്സൈസിന്റെ പിടിയിലായി. മുഖ്യപ്രതി എം.ഡി.എം.എ സ്ഥലത്ത് എത്തിക്കാൻ ഉപയോഗിച്ച രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.

വടക്കേവിള തട്ടാമല 12 മുറി നഗർ വീട്ടിൽ മുഹമ്മദ് അനീസ് (25), ഇരവിപുരം വാളത്തുംഗൽ ഹൈദ്രാലി നഗർ 17 ൽ വെളിയിൽ പുത്തൻവീട്ടിൽ ഷാനുർ (31), ഇരവിപുരം വാളത്തുങ്കൽ തവളയന്റു അഴികത്ത് വീട്ടിൽ സെയ്ദലി (26) എന്നിവരെയാണ് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വളത്തുംഗൽ സനോജ് മൻസിലിൽ മനോഫറാണ് (35) രക്ഷപ്പെട്ടത്.

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ വൻതോതിൽ വാങ്ങി കുണ്ടറ, കേരളപുരം, കരിക്കോട് ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കുന്നവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് റേഞ്ച് സംഘം സ്ഥലത്തെത്തിയത്. മനോഫറാണ് ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിച്ചത്.

അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ഷഹാലുദ്ദീൻ, ആർ.ജി.വിനോദ്, പ്രിവന്റീവ് ഓഫീസർ ഹരികൃഷ്ണൻ, അനീഷ് കുമാർ, ടി.ആർ.ജ്യോതി, ഷെഫീഖ്, നാസർ, സിവിൽ എക്സൈസ് ഓഫീസർമാരായ, സാലിം, ആസിഫ്, ജിത്തു, ഗോകുൽ, ഉണ്ണിക്കൃഷ്ണൻ വനിതാ സിവിൽ എക്സൈസ് ഓഫീസറായ പ്രിയങ്ക എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളിൽ നിന്ന് 14 ഗ്രാം കഞ്ചാവും പിടികൂടി. സംഘത്തിലെ കൂടുതൽ പേരേക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.