വിളവെടുത്തിട്ട് വളമിടുന്നതെന്തിന് ?

Saturday 28 June 2025 6:41 AM IST

അധികം വിദൂരമല്ലാത്ത ഒരു കാലത്ത് ഇന്ത്യൻ അത്‌ലറ്റിക്സിൽ മലയാളികളുടെ മേധാവിത്വമായിരുന്നു.എന്നാൽ ഇന്ന് ദേശീയ മീറ്റുകളിൽ മെഡൽ നേടുന്ന മലയാളികളെ മഷിയിട്ടു നോക്കണം. സബ്‌ ജൂനിയർ, ജൂനിയർ തലങ്ങളിലാണ് കേരളത്തിന്റെ പിന്നോട്ടുപോക്ക് ഏറ്റവുമധികം നിഴലിക്കുന്നത്. ഈ പോക്കാണെങ്കിൽ അഞ്ചുകൊല്ലം കഴിയുമ്പോഴേക്കും സീനിയർ തലത്തിൽ മത്സരിക്കാൻ വിരലിലെണ്ണാവുന്ന മലയാളി താരങ്ങൾപോലും ഉണ്ടായേക്കില്ല. കേരളത്തിന്റെ അത്‌ലറ്റിക്സ് രംഗത്തിന് സംഭവിക്കുന്നതെന്തെന്ന അന്വേഷണം ;

ട്രാക്കിൽ നിന്ന് കേരളം മായുമ്പോൾ...2

കേരളത്തിന്റെ അത്‌ലറ്റിക്സിന് കരുത്ത് പകർന്നിരുന്നത് പ്രധാനമായും സ്പോർട്സ് കൗൺസിൽ, സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ, സ്കൂളുകൾ, സ്വകാര്യ ക്ലബുകൾ/ അക്കാഡമികൾ എന്നിവയ്ക്ക് കീഴിലുള്ള ഹോസ്റ്റലുകളിൽ നിന്നുള്ള കുട്ടികളായിരുന്നു. ഈ ഹോസ്റ്റലുകളുടെ ഇപ്പോഴത്തെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം. നിറയെ കുട്ടികൾ ഉണ്ടായിരുന്ന സ്പോർട്സ് ഹോസ്റ്റലുകളിൽ പലതിലും വിരലിലെണ്ണാവുന്നവർ. സ്വകാര്യ കോളേജുകളിൽ അനുവദിച്ചിരുന്ന കൗൺസിലിന്റെ ഹോസ്റ്റലുകൾ അവസാനിപ്പിച്ചു. സായ് ഹോസ്റ്റലുകൾ പലതും നിറുത്തി. ഹോസ്റ്റൽ സെലക്ഷനിൽ അത്‌ലറ്റിക്സിലേക്ക് വരാൻ കുട്ടികൾക്കും എടുക്കാൻ അധികൃതർക്കും താത്പര്യമില്ലാതെയായി.

ദേശീയ തലത്തിൽ കേരളത്തിന്റെ പെരുമയ്ക്ക് ഇടിവ് വന്നതും ദേശീയ മെഡലുകൾ നേടാൻ എളുപ്പമുള്ള കായിക ഇനങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതുമാണ് അത്‌ലറ്റിക്സിനോടുള്ള താത്പര്യം കുറയാൻ കാരണം. വർഷങ്ങളുടെ നിരന്തരപരിശീലനത്തിലൂടെ മാത്രമാണ് അന്തർദ്ദേശീയ നിലവാരമുള്ള അത്‌ലറ്റ് ജനിക്കുകയുള്ളൂ. ഒരു സുപ്രഭാതത്തിൽ ഒളിമ്പിക്സിലോടാൻ ആർക്കും കഴിയുകില്ല. ചെറുപ്രായം മുതൽ മികച്ച നിലവാരമുള്ള പരിശീലനവും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകുകയാണ് അതിന് വേണ്ടത്. ഉത്തരവാദിത്വപ്പെട്ടവർ അതിൽ നിന്ന് ഒഴിഞ്ഞുമാറിയപ്പോൾ കുട്ടികളും മറ്റുവഴികൾ നോക്കിപ്പോയി.

സ്പോർട്സ് ഹോസ്റ്റലുകളും പരിശീലനകേന്ദ്രങ്ങളുമൊക്കെ പ്രവർത്തിക്കാൻ ആവശ്യമായതുക വേണ്ട സമയത്ത് നൽകാൻ സർക്കാരിന് കഴിയാതിരുന്നതാണ് നമ്മുടെ കായിക അടിത്തറ തകർത്തുകളഞ്ഞത്. ഹോസ്റ്റലുകളിൽ കുട്ടികൾക്ക് ഭക്ഷണം നൽകാനും മത്സരങ്ങൾ നടത്താനും മത്സരങ്ങൾക്ക് പോകാനുമൊക്കെയുള്ള ഫണ്ട് മാസങ്ങൾ മുടങ്ങിയ ശേഷമാണ് കായിക അസോസിയേഷനുകൾക്ക് അനുവദിക്കുന്നത്. സർക്കാരിൽനിന്ന് കൃത്യസമയത്ത് ധനസഹായം ലഭ്യമാക്കാൻ പ്രാപ്തിയുള്ള നേതൃത്വം കൗൺസിലിന് ഇല്ലാതെപോയി. അസോസിയേഷനുകളുടെ പരിവേദനം ഉയരുമ്പോൾ കുറച്ചുപണം പങ്കിട്ടുകൊടുത്ത് തത്കാലപ്രതിസന്ധി ഒഴിവാക്കും.

സമയത്ത് ലഭിക്കാത്തതുമൂലം ഈ പണം ഉപയോഗപ്രദമാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കായിക താരങ്ങൾക്ക് ഹോസ്റ്റലുകളിൽ പോഷകസമ്പുഷ്ടമായ ഭക്ഷണമാണ് നൽകേണ്ടത്. എന്നാൽ മാസങ്ങളോളം ഫണ്ട് മുടങ്ങുമ്പോൾ കഞ്ഞിയും ചക്കപ്പുഴുക്കും സാമ്പാറുംകൊണ്ട് മെനു 'സമ്പുഷ്ട"മാക്കുന്നു. മെനു അനുസരിച്ചാണോ ഫുഡ് നൽകുന്നതെന്ന് പരിശോധിക്കാൻ കൗൺസിൽ അധികൃതർചെന്നാൽ പണമില്ലാതെ തങ്ങളെങ്ങനെ ചിക്കനും മീനും കൊടുക്കുമെന്ന് ചോദ്യമുയരും. അതുപേടിച്ച് പരിശോധനയില്ല. പക്ഷേ മാസങ്ങൾ ഒത്തിരി കഴിഞ്ഞ് പണം അനുവദിക്കുന്നത് 'മെനു" അനുസരിച്ച് തന്നെയാകും. ബിൽ കൊടുത്താൽ മതി. കുറച്ച് പണം കയ്യിൽ നിന്നെടുത്ത് ഹോസ്റ്റലിൽ മുടക്കിയാൽ കുറേക്കാലം കാത്തിരുന്നാലും നല്ല ലാഭം നടത്തിപ്പുകാർക്ക് . ഭക്ഷണത്തിനുള്ള പണമൊക്കെ കൊടുത്തിട്ടുണ്ടല്ലോ എന്ന സമാധാനം കൗൺസിലിനും. നഷ്ടം കായിക താരങ്ങൾക്ക് മാത്രം.

മറ്റ് സംസ്ഥാനങ്ങളിലെ മത്സരങ്ങൾക്ക് പോകുമ്പോഴുള്ള ടി.എ/ഡി.എയുടെയുമൊക്കെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. കൗൺസിലിൽ നിന്ന് കാശുകിട്ടാത്തതിനാൽ സ്വന്തം ചെലവിൽ പോകാൻ കുട്ടികളോടുപറയും. രണ്ടോമൂന്നോ വർഷം കഴിഞ്ഞ് ഈ പണം കൗൺസിൽ അസോസിയേഷന് നൽകുമ്പോൾ അന്നുപോയവരിൽ എത്ര പേർക്ക് കിട്ടിയെന്ന് ഉറപ്പിക്കാൻ വകുപ്പില്ല. ഈ തുക കുട്ടികളുടെ അക്കൗണ്ടിലെത്തിയതിന്റെ രേഖ കൗൺസിലിന് ലഭിക്കാറുമില്ല.

ചുരുക്കത്തിൽ പാടമൊരുക്കി വിത്തിട്ട് കൊയ്ത്തുംകഴിഞ്ഞ് വളമിടുന്ന രീതി. എന്നെങ്കിലും കൊടുക്കുന്ന പണം ആർക്കാണോ പ്രയോജനപ്പെടേണ്ടത് അവരിലേക്ക് എത്തുന്നില്ല. അതാണ് അത്‌ലറ്റിക്സിനും തിരിച്ചടിയായത്.

മറ്റ് സംസ്ഥാനങ്ങൾ എങ്ങനെ നന്നാവുന്നു : അതേപ്പറ്റി നാളെ....