തോൽവി അറിയാതെ സിറ്റിയും റയലും ഇനി നോക്കൗട്ട് പൂരം

Saturday 28 June 2025 6:49 AM IST

ഒർലൻഡോ: ഫിഫ ക്ലബ് ലോകകപ്പിൽ ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ തകർപ്പൻ ജയം നേടി നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായിട്ടുള്ള റയൽ മാഡ്രിഡും തോൽവി അറിയാതെ നോക്കൗട്ടിലെത്തി. ഗ്രൂപ്പ് ജിയിൽ തങ്ങളുടെ അവസാന മത്സരത്തിൽ യുവന്റസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തീർത്താണ് മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പിലെ എല്ലാമത്സരങ്ങളും ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാമത്സരങ്ങളും ജയിച്ച ഏക ടീമാണ് സിറ്റി. ഗ്രൂപ്പ് എച്ചിൽ തങ്ങളുടെ അവസാനത്തേതും നിർണായകവുമായ മത്സരത്തിൽ റയൽ മാഡ്രിഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഓസ്ട്രിയൻ ക്ലബ് ആ‌ർ.ബി സാൽസ്‌ബുർഗിനെ തരിപ്പണമാക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചു. നോക്കൗട്ട് മത്സരങ്ങൾ ഇന്ന് തുടങ്ങും.

സൂപ്പ‌ർ സിറ്റി ഒർലാൻഡോയലെ കാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ ആർത്തലച്ച 54,320 കാണികൾക്ക് മുന്നിൽ പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്ത മാഞ്ചസ്റ്റർ സിറ്റി 5-2ന് ഇറ്റാലിയൻ സൂപ്പർ ടീം യുവന്റസിന്റെ കഥകഴിച്ചു. ജയിക്കുന്ന ടീം ഗ്രൂപ്പ് ചാമ്പ്യൻമാരാകുമായിരുന്ന മത്സരത്തിൽ പക്ഷേ യുവെയ്‌ക്ക് ഇംഗ്ലീഷ് വമ്പൻമാരായ സിറ്റിയ്‌ക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 9-ാം മിനിട്ടിൽ ജെറമി ഡോക്കുവിലൂടെ സ്കോറിംഗ് തുടങ്ങിയ സിറ്റിയ്‌ക്ക് 26-ാം മിനിട്ടിൽ യുവെയുടെ പിയെറി കലുലുവിന്റെ വകയായി സെൽഫ് ഗോളും ലഭിച്ചു. രണ്ടാം പകുതിയിൽ 52-ാം മിനിട്ടിൽ ഏ‌ർണിംഗ് ഹാളണ്ടും പിന്നീട് ഫൽ ഫഓഡനും (69-ാം മിനിട്ട്), സാവിഞ്ഞോയും (75-ാം മിനിട്ട്) സിറ്റിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. കൂപ്പ് മെയി‌നേഴ്‌സും വ്ലാഹോവിച്ചുമാണ് യുവെയുടെ സ്കോറ‌ർമാർ. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സിറ്റിക്ക് പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായ അൽ ഹിലാലാണ് എതിരാളികൾ. രണ്ടാം സ്ഥാനക്കാരായ യുവെ ഗ്രൂപ്പ് എച്ചിലെ ഒന്നാമൻമാരായ റയൽ മാഡ്രിഡിനെ നേരിടണം. ഗ്രൂപ്പിലെ അപ്രസക്തമായ മത്സരതിൽ അൽ അയിൻ 2-1ന് വൈഡാഡിെ കീഴടക്കി. ഇരുടീമും പ്രീക്വാർട്ടർ കാണാതെ പുറത്തായിരുന്നു.

റിയലി റയൽ

തോറ്റുപോയൽ ഒരു പക്ഷെ പുറത്തായേക്കുമായിരുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ആർ.ബി സാൽസ്‌ബുർഗിനെ 3-0ത്തിന് നിഷ്പ്രഭമാക്കി പ്രീക്വാർട്ടർ ഉറപ്പിച്ചു. വിനീഷ്യസ് ജൂനിയ‌ർ, വാൽവർദെ,ഗോൺസാലോ ഗാർസിയ എന്നിവരാണ് റയലിന്റെ സ്കോറ‌ർമാർ. ജയത്തോടെ മത്സരങ്ങളിൽ നിന്ന് 7 പോയിന്റായ റയൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി. മറ്റൊരു മത്സരത്തിൽ പച്ചുകയെ 2-0ത്തിന് തോൽപ്പിച്ച സൗദി ക്ലബ് അൽ അഹ്‌ലി മൂന്ന് മത്സരങ്ങളിൽ നിന്ന് 5 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറിൽ ഇടം നേടി. 4 പോയിന്റുള്ള സാൽസ്‌ബുർഗും എല്ലാമത്സരങ്ങളും തോറ്റ പച്ചുകയും പുറത്തായി.

പ്രീക്വാർട്ടർ ഇന്ന് മുതൽ

ക്ലബ് ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തിന് ഇന്നാണ് കിക്കോഫ്. നിശ്ചിത സമയത്ത് ഇരുടീമും സമനില പാലിച്ചാൽ എക്‌സ്ട്രാ ടൈമും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടുമുണ്ടാകും. ഇന്ന് ഇന്ത്യൻസമയം രാത്രി 9.30ന് തുടങ്ങുന്ന ആദ്യ പ്രീക്വാർട്ടറിൽ ബ്രസീലിയൻ ക്ലബുകളായ പൽമീരാസും ബോട്ടഫോഗയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 1.30ന് തുടങ്ങുന്ന മത്സരത്തിൽ ചെൽസി ബെൻഫിക്കയെ നേരിടും.

നോക്കൗട്ട് ഫിക്സചർ

ബോട്ടഫോഹോ -പൽമീരാസ്

(ഇന്ന് രാത്രി 9.30 മുതൽ)

ചെൽസി - ബെൻഫിക്ക

(രാത്രി 1.30 മുതൽ)

പി.എസ്.ജി - ഇന്റർ മയാമി

(നാളെ രാത്രി 9.30 മുതൽ)

ഫ്ലമെ‌ംഗോ - ബയേൺ

(തിങ്കളാഴ്ച പുലർച്ചെ 1.30 മുതൽ)

ഇന്റ‌ർ -ഫ്ലുമിനെസ്

(ചൊവ്വ പുലർച്ചെ 1.30 മുതൽ)

മാൻ. സിറ്റി -അൽ ഹിലാൽ

( ചൊവ്വാഴ്‌ച രാവിലെ 6.30 മുതൽ)

റയൽ- യുവന്റസ്

(ബുധൻ പുല‌ർച്ചെ 12.30മുതൽ)

ഡോർട്ട്മുണ്ട് -മോൺടെറി

(ബുധൻ രാവിലെ 6.30 മുതൽ)

ലൈവ് :ഡി.എ.ഇസഡ്.എൻ ആപ്പിൽ

9- പ്രീക്വാർട്ടറിൽ ഏറ്റവും കൂടുതൽ ടീം യൂറോപ്പിൽ നിന്ന്.9 ടീം

ഏഷ്യയിൽ നിന്ന് സൗദി ക്ലബ് അൽ അഹ്ലി മാത്രം

ബ്രസീലിൽ നിന്ന് മാത്രം നാല് ടീമുകൾ.

നടത്തം മലയാളി വിസ്‌മയം

കെ.ടി ഇർഫാൻ വിരമിച്ചു

തിരുവനന്തപുരം: നടത്തത്തിലെ (റേസ് വാക്ക്)​ ദേശീയ റെക്കാഡുകാരനും ലോകവേദികളിൽ ഇന്ത്യയുടെ മലയാളി വിസ്‌മയവുമായ ഒളിമ്പ്യൻ കെ.ടി ഇർഫാൻ വിരമിച്ചു. റേസ് വാക്കിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വാഴ്‌ത്തപ്പെടുന്ന ഇർഫാൻ 2012ലെ ലണ്ടൻ ഒളിമ്പിക്സിലും 2020ലെ ടോക്യോ ഒളമ്പിക്സിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 20.കി.മി നടത്തത്തിൽ 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ ഇർഫാൻ സ്ഥാപിച്ച ദേശീയ റെക്കാഡ് ഇതുവരെയാർക്കും തകർ‌ക്കാനായിട്ടില്ല. 1 മണിക്കൂ‌ർ 20. മിനിട്ട് 21 സെക്കൻഡാണ് ഇർഫാൻ കുറിച്ച റെക്കാഡ്. അന്ന് പത്താമനായാണ് ഇർഫാൻ ഫിനിഷ് ചെയ്തത്. 2020ലെ ടോക്യോ ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ ആദ്യം യോഗ്യത നേടിയ ഇന്ത്യൻ താരവും ഇർഫാനായിരുന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ള ആദ്യ ഒളിമ്പ്യനും 35കാരനായ ഇർഫാൻ തന്നെയാണ്.

അപ്രതീക്ഷിത നടത്തം

കാൽപ്പന്തുകളിയുടെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലെ കിഴുപ്പറമ്പ് കുനിയിൽ സ്വദേശിയായ ഇർഫാൻ സ്വാഭാവികമായും ഫുട്ബോൾ തട്ടിയാണ് കായിക രംഗത്തേയ്ക്ക് വരുന്നത്. സ്‌കൂൾ തലത്തിൽ ലോംഗ് ജമ്പിലാണ് ആദ്യം മത്സരിച്ചത്. എന്നാൽ ഒരു മത്സരത്തിനിടെ വീണ് കൈയൊടിഞ്ഞതോടെ ജമ്പിംഗ് പിറ്റ് വിട്ടു. കീഴുപറമ്പ് ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ പഠിക്കുമ്പോഴാണ് നടത്തം തുടങ്ങത്. നാട്ടുകാരനും കൂട്ടുകാരനുമായ റെബാസ് 20 കി.മി നടത്തത്തിൽ സംസ്ഥാന തലത്തിൽ മത്സരിക്കുന്നുണ്ട്. പരിശീലന സമയത്ത് റെബാസിന് കൂട്ടുകൊടുക്കാൻ ഇർഫാനും ഒപ്പം നടന്നു തുടങ്ങി. ആ നടത്തം രണ്ട് ഒളിമ്പിക്സുകളും കടന്ന് ഇർഫാൻ ചരിത്രമാക്കി. കോഴിക്കോട് സായി സെന്ററിലെ പരിശീലനത്തിലൂടെ തേച്ചുമിനുക്കപ്പെട്ട ഇർഫാൻ പിന്നീട് കരസേനയിൽ ചേർന്നു. 2011ൽ ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും അടുത്ത വർഷം ഫെഡറേഷൻ കപ്പ് സീനിയർ ചാമ്പ്യൻഷിപ്പിലും ഇർഫാൻ സ്വർണം നേടി. ഫെഡറേഷൻ കപ്പിൽ മീറ്റ് റെക്കാഡോടെയാണ് പൊന്നണിഞ്ഞത്. ആവർഷം ലോക റേസിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയാണ് ലണ്ടൻ ഒളിമ്പിക്സിന് യോഗ്യത നേടിയത്. 2013ൽ ലോക റേസ് വാക്കിംഗ് ചലഞ്ചിൽ അഞ്ചാം സ്ഥാനം നേടിയിരുന്നു. കർഷകനായ കെ.ടി മുസ്തഫ-ഫാത്തിമ ദമ്പതികളുടെ ആറ് മക്കളിൽ അഞ്ചാമനാണ് ഇർഫാൻ. ഭാര്യ സഹ്ല,​ മക്കൾ ഹമദ് സയർ,​ ഹമദ് ഇലാൻ.

ഇനി കോച്ചിംഗ്

വിരമിച്ച ശേഷം പരിശീലകനാകാനുള്ള ഒരുക്കത്തിലാണ് ഇർഫാൻ. കരസേനയിൽ സുബേദറായ ഇർഫാന് സർവീസിൽ നിന്ന് വിരമിച്ച ശേഷം കേരളത്തിൽ അക്കാ‌ഡമി തുടങ്ങാനും പദ്ധതിയുണ്ട്.

പ്രഗ്നാനനന്ദ ഒന്നാമൻ

ന്യൂഡൽഹി: യു.എസ്. കപ്പ് ചെസിലെ വിജയത്തോടെ ചെസ് ലൈവ് റേറ്റിംഗിൽ തമിഴ്‌നാടുകാരൻ പ്രഗ്നാനന്ദ ഇന്ത്യയിൽ ഒന്നാമനായി. ലോക ലൈവ് റേറ്റിംഗിൽ നാലാമനായി. റേറ്റിംഗ് 2778. കാൾസൺ, നക്കാമുറ, കരുവാന എന്നിവരാണ് ലോക റാങ്കിംഗിൽ പ്രഗ്ഗിന് മുന്നിലുള്ളത്. ലോക ചാമ്പ്യനായ ഗുകേഷ് അഞ്ചാം സ്ഥാനത്താണ്. റേറ്റിംഗ് 2776.

ഓപ്പൺ ചെസ്

കോഴിക്കോട്: സംസ്ഥാന ഓപ്പൺ ചെസ് മത്സരം നാളെ കാരാപ്പറമ്പ് ക്വീൻ സൈഡ് അക്കാഡമിയിൽ നടക്കും. . ഫോൺ 9961103892