ഇത് ആഡംബര പൂളല്ല! അതിനെയും വെല്ലുന്ന പഞ്ചായത്ത് കുളം; ഉദ്‌ഘാടനത്തിന് മുമ്പേ നീന്താൻ തിക്കും തിരക്കും
തൃശൂർ: വൻകിട റിസോർട്ടുകളിലെ പൂളുകളെ പോലും വെല്ലുന്ന തരത്തിൽ നീന്തൽക്കുളമൊരുക്കി പാവറട്ടി ഗ്രാമപഞ്ചായത്ത്. തൃശൂരിലെ കോന്നൻ ബസാറിലുള്ള ഈ കുളമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. മഴയിൽ നിറഞ്ഞുകിടക്കുന്ന കുളത്തിൽ നീന്താൻ വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് പേരാണ് രാവിലെയും വൈകിട്ടും ഇവിടെയെത്തുന്നത്.
ജില്ലാ പഞ്ചായത്തും പാവറട്ടി പഞ്ചായത്തും ചേർന്നാണ് കുളം നവീകരിച്ചത്. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയും എംജിഎൻആർഇജിഎസ് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും ഇതിനായി ചെലവിട്ടിട്ടുണ്ട്. പായലും പൂപ്പലും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് കുളത്തിലേക്ക് ഇറങ്ങാൻ തന്നെ ഭയപ്പെട്ടിരുന്ന ആളുകൾ പോലും പുത്തൻകുളത്തേക്ക് എത്തുകയാണ്.
നവീകരണത്തിന്റെ ഭാഗമായി കുളത്തിന്റെ അരികിൽ പൈലിംഗ് നടത്തി കോൺക്രീറ്റിട്ട് ബലപ്പെടുത്തിയിട്ടുണ്ട്. തകർന്ന സംരക്ഷണഭിത്തികൾ എല്ലാം കെട്ടി. കുളത്തിലെ മണ്ണും ചെളിയും നീക്കം ചെയ്‌ത് 12 ചവിട്ടുപടികളും നിർമിച്ചു. ഈ ജോലികളെല്ലാം വേനലിൽ വെള്ളം വറ്റിച്ചശേഷം വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് പൂർത്തിയാക്കിയത്.
പിന്നീട് കുളത്തിന് ചുറ്റും മനോഹരമായ ചുറ്റുമതിലും ഇരിപ്പിടങ്ങളും കെട്ടി. ഇനി ടൈൽവിരിക്കൽ ലൈറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ കൂടി പൂർത്തിയാകാനുണ്ടെന്ന് ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷൻ അംഗം അഡ്വ. മുഹമ്മദ് ഗസാലി പറഞ്ഞു. ഔപചാരികമായി കുളം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിന് മുമ്പുതന്നെ ആളുകളുടെ തിക്കും തിരക്കുമാണിവിടെ അനുഭവപ്പെടുന്നത്.