മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരൻ മരിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്

Saturday 28 June 2025 11:33 AM IST

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്‌ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നതോടെ കോട്ടക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വർഷം ഏപ്രിൽ 14ന് വീട്ടിൽ വച്ചാണ് ഹിറ കുഞ്ഞിന് ജന്മം നൽകിയത്. ഇതുവരെ കുഞ്ഞിന് ഒരു പ്രതിരോധ കുത്തിവയ്‌പ്പും എടുത്തില്ലെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ അക്യുപങ്‌ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്‌ത്രീയമായ ചികിത്സാ രീതിയെ ശക്തമായി എതിർക്കുന്ന നിലപാടുകൾ സമൂഹമാദ്ധ്യമങ്ങളിൽ ഇവർ പങ്കുവച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഇന്നലെ വൈകിട്ടാണ് കുഞ്ഞ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കി.