റോഡിലിറങ്ങി ഈ പരിപാടി കാട്ടിയാൽ കനത്ത പിഴയൊടുക്കേണ്ടി വരും, പ്രവാസികൾക്കടക്കം മുന്നറിയിപ്പ്

Saturday 28 June 2025 12:16 PM IST

അബുദാബി: ടോൾ ഫീസ് അടയ്ക്കുന്നത് ഒഴിവാക്കാൻ, ദർബ് ഗേറ്റുകൾക്ക് സമീപം എത്തുന്നതിന് മുമ്പ് വാഹനം നിർത്തുന്നതിനെതിരെ കടുത്ത നടപടിയുമായി അബുദാബി പൊലീസ്. ഇത്തരത്തിൽ അനധികൃതമായി വാഹനം നിർത്തുകയും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് 500 ദി‌ർഹം പിഴ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

ദർബ് ടോൾ ഗേറ്റുകൾ കടക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് നിരവധി ഡ്രൈവർമാർ വാഹനം നിർത്തുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. ടോൾ ഗേറ്റ് സൗജന്യമാകുമ്പോൾ മാത്രമാണ് ഇവർ വാഹനം മുന്നോട്ട് എടുക്കുന്നത്. ഇത് വ്യക്തമാക്കുന്ന വീഡിയോയും അബുദാബി പൊലീസിന്റെ ഡയറക്‌ടറേറ്റ് ഒഫ് ട്രാഫിക് ആന്റ് സെക്യൂരിറ്റി പട്രോൾ‌സ് പങ്കുവച്ചിട്ടുണ്ട്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2021 ജനുവരിയിലാണ് ദർബ് ടോൾ ഗേറ്റ് സ്ഥാപിച്ചത്. ടോൾ ഗേറ്റുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് രാവിലെ ഏഴിനും ഒൻപതിനും ഇടയിലും വൈകുന്നേരം അഞ്ചിനും ഏഴിനും ഇടയിലും ഓരോ യാത്രയ്ക്കും നാല് ദിർഹവുമാണ് ചുമത്തുന്നത്. ബാക്കിയുള്ള സമയങ്ങളിലും ഞായറാഴ്ചകളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ടോൾ സൗജന്യമാണ്. ഇത്തരത്തിലെ ടോൾ നിരക്ക് ഈടാക്കാത്ത സമയത്തിനായി വാഹനങ്ങൾ റോഡരികിൽ കാത്തുനിൽക്കുന്നത് അപകടങ്ങൾക്കും ഗതാഗത കുരുക്കിനും കാരണമാകുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പെട്ടെന്ന് വാഹനത്തിന്റെ ദിശ മാറ്റുന്നതിനും നിയുക്ത ബസ് ലെയ്‌നുകളോ പാർക്കിംഗ് ഏരിയകളോ ഉപയോഗിക്കുന്നതിനും പിഴ ഏർപ്പെടുത്തിയിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് വാഹനം ദിശ മാറ്റുന്നതിന് 1000 ദിർഹവും ബസ് ലെയ്‌നുകളും പാർക്കിംഗ് ഏരിയകളും അനധികൃതമായി ഉപയോഗിക്കുന്നതിന് 400 ദ‌ിർഹവുമാണ് പിഴ.