കണ്ണൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Saturday 28 June 2025 12:42 PM IST

കണ്ണൂർ: പേവിഷബാധയേറ്റ കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. അഞ്ചുവയസുകാരൻ ഹരിത്താണ് മരിച്ചത്. രണ്ടാഴ്ചയായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നായയുടെ കടിയേറ്റ ദിവസം തന്നെ പേവിഷബാധയ്‌ക്കെതിരായ കുത്തിവയ്‌പ്പെടുത്തിരുന്നു.

തമിഴ്നാട് സേലം സ്വദേശികളുടെ മകനാണ് ഹരിത്ത്. കഴിഞ്ഞ മാസം 31ന് പയ്യാമ്പലം വാടക ക്വാർട്ടേഴ്സിന് സമീപത്തുവച്ചാണ് കുട്ടിയെ തെരുവ്‌ നായ കടിച്ചത്. വലതു കണ്ണിനും ഇടതു കാലിനുമാണ് കടിയേറ്റത്. തുടർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് വാക്സിൻ എടുത്തിരുന്നു.

മുഖത്ത് കടിയേറ്റുണ്ടായ മുറിവുകളാണ് തലച്ചോറിലേക്ക് പേവിഷം ബാധിക്കാൻ ഇടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. കണ്ണൂർ ജില്ലയിൽ തെരുവ് നായയുടെ കടിയേൽക്കുന്നത് പതിവാകുകയാണ്.

ഗുരുതര സാഹചര്യം മുൻനിർത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിദ്ധ്യത്തിൽ നേരത്തെ സർവകക്ഷിയോഗം ചേർന്നിരുന്നു. പടിയൂരിലെ എ.ബി.സി കേന്ദ്രത്തിന് കീഴിലുള്ള പരിശീലനം നേടിയ നായപിടിത്തക്കാരെ നിയോഗിച്ച് ഒരാഴ്‌ചയ്ക്കകം മുഴുവൻ തെരുവുനായകളെയും പിടികൂടി ഷെൽട്ടർഹോമുകളിലാക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ അരുൺ കെ വിജയനാണ് ഏകോപന ചുമതല.