യു.എസ്. കോൺസുലേറ്റ് ഡിബേറ്റ്: ബംഗളൂരു വിദ്യാർത്ഥിനി ജേതാവ്

Monday 16 September 2019 5:36 AM IST

ചെന്നൈ: ചെന്നൈയിലെ യു.എസ് കോൺസുലേറ്റ് ജനറൽ, ചെന്നൈ ലയോള കോളേജുമായി ചേർന്ന് സംഘടിപ്പിച്ച 'അമേരിക്ക - ഇന്ത്യ ഭരണഘടനാ നിയമ താരതമ്യ ഡിബേറ്റ്" മത്സരത്തിൽ ബംഗളൂരു വിദ്യാർത്ഥിനി ജേതാവ്. ബംഗളൂരുവിലെ നാഷണൽ ലോ സ്‌കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി ഉന്നതി ആശിഷ് ഗിയ ആണ് ജേതാവായത്.

കേരളം, തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിൽ നിന്നായി 16 വിദ്യാർത്ഥികൾ ഫൈനലിൽ മാറ്റുരച്ചിരുന്നു. ജേതാക്കൾക്ക് യു.എസ്. കോൺസുൽ ജനറൽ റോബർട്ട് ബർജസ്, സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഇന്ദിര ബാനർജി എന്നിവർ ചേർന്ന് ട്രോഫിയും പുരസ്‌കാരങ്ങളും കൈമാറി. ജൂലായ്, ആഗസ്‌റ്റ് മാസങ്ങളിലായി കൊച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നടന്ന പ്രാഥമികഘട്ട മത്സരങ്ങളിൽ 270 വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഓരോ ഘട്ടത്തിൽ നിന്നുമുള്ള നാലുപേർ വീതമാണ് ഫൈനലിൽ എത്തിയത്.

നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്‌റ്റഡീസ് (നുവാൽസ് - കൊച്ചി), നാഷണൽ ലോ സ്‌കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (ബംഗളൂരു), തമിഴ്‌നാട് നാഷണൽ ലോ യൂണിവേഴ്‌സിറ്റി (തിരുച്ചിറപ്പള്ളി), തമിഴ്‌നാട് ഡോ. അംബേദ്‌കർ ലോ യൂണിവേഴ്‌സിറ്റി (ചെന്നൈ) എന്നിവരുമായി സഹകരിച്ചാണ് അതത് കേന്ദ്രങ്ങളിൽ മത്സരം സംഘടിപ്പിച്ചത്.