മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങളില്ലെന്ന ആരോപണം, സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

Saturday 28 June 2025 7:01 PM IST

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്ന ഡോക്ടറുടെ ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോപണം സർ‌ക്കാരിന് മുന്നിൽ പരാതിയായി എത്തിയിട്ടില്ല . സാങ്കേതിക പ്രശ്നം കാരണം ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡി.എം.ഇയോട് റിപ്പോർട്ട് തേടി. മേയ് മാസത്തിൽ യൂറോളജി വിഭാഗത്തിൽ 312 ശസ്ത്രക്രിയ നടന്നതായി ഡി.എം.ഇ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡി.എം.ഇ നൽകിയ വിവരപ്രകാരം നാല് ശസ്ത്രക്രിയയാണ് ഷെഡ്യൂൾ ചെയ്തത്.അതിൽ 3 എണ്ണം നടന്നു. പ്രോബിന് പ്രശ്നമുണ്ടായതിനാൽ ഒരെണ്ണം ചെയ്യാൻ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ എത്തിയിട്ടില്ല. ഡി.എം.ഇയുടെ ശ്രദ്ധയിലും എത്തിയില്ല. സമഗ്രമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കിഫ്ബി വഴി 700 കോടി തിരുവനന്തപുരം മെഡിക്കൽ കോളേജിന് അനുവദിച്ചതാണ്. യൂറോളജി ഡിപ്പാർട്ട്മെന്റിനും ഗണ്യമായ തുക അനുവദിച്ചതാണ്. ഫേസ്ബുക്ക് പോസ്റ്റിലെ കാര്യങ്ങൾ അന്വേഷിക്കട്ടെയെന്ന് പറഞ്ഞ മന്ത്രി പോസ്റ്റ് പിൻവലിച്ചതടക്കുമുള്ള കാര്യങ്ങളിൽ ഡോക്ടറോട് ചോദിക്കണമെന്നും കൂട്ടിച്ചേർത്തു.