ആവേശം വിതയ്ക്കാൻ വീണ്ടും പൾസർ
ഒരുകാലത്ത് ഇന്ത്യൻ യുവത്വത്തിന്റെ ഹരമായിരുന്നു പൾസർ. ലൈസൻസ് കിട്ടിയാൽ, ഒരു ബൈക്ക് വാങ്ങുന്നുണ്ടെങ്കിൽ അത് പൾസർ തന്നെ എന്ന് യുവാക്കൾ മന്ത്രിച്ചിരുന്ന കാലം. പിന്നീട്, എതിരാളികൾ ഒരുപാട് വന്നെങ്കിലും ഇന്നും 150-160 സി.സി ശ്രേണിയിൽ പൾസർ തന്നെയാണ് രാജാവ്. ഇപ്പോഴിതാ, എൻട്രി-ലെവൽ ശ്രേണിയായ 125 സി.സി എൻജിൻ വിഭാഗത്തിലും പയറ്റിനൊരുങ്ങുകയാണ് പൾസർ.
ബജാജ് പൾസർ ശ്രേണിയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന മോഡലാണ് 'നിയോൺ" ബ്രാൻഡിൽ അവതരിപ്പിക്കുന്ന പുതിയ 125 സി.സി മോഡൽ. എന്നാലും, റൈഡറെ ത്രസിപ്പിക്കുന്ന ഒട്ടേറെ മികവുകളാൽ സമ്പന്നവുമാണ് ഈ പുതുമുഖം. പൾസർ 150 നിയോൺ മോഡലുമായി രൂപകല്‌പനയിൽ ഒട്ടേറെ സാദൃശ്യങ്ങൾ കുഞ്ഞനിയനായ 'പൾസർ 125 നിയോണി"നുണ്ട്. ബോഡി പാനലുകളും ഷാസിയും കടമെടുത്തതിനാലും ഒരേ വലിപ്പം ആയതുകൊണ്ടും ഒറ്റ നോട്ടത്തിൽ പൾസർ 150 നിയോൺ ആണെന്ന് തന്നെ തോന്നിയേക്കാം.
വ്യത്യസ്‌തമായ കളർ സ്‌കീമും പിന്നിൽ ഒതുക്കത്തിൽ കൊത്തിവച്ചിരിക്കുന്ന 125 ബാഡ്‌ജുമാണ് പൾസർ 125നെ തിരിച്ചറിയാൻ സഹായിക്കുക. വീലുകൾ, ഹാൻഡിൽ ബാർ ക്ളിപ്പുകൾ, ഡിജിറ്റലും അനലോഗും സമന്വയിക്കുന്ന ഇൻസ്‌ട്രുമെന്റ് പാനലും 150 സി.സിയിലേതിന് സമാനമാണ്. പക്ഷേ, ഇതൊക്കെയാണെങ്കിലും ക്ളാസിക് ഭംഗിയും മികച്ച പെർഫോമൻസും കോർത്തിണങ്ങിയ ബൈക്ക് തന്നെയാണ് പുതിയ പൾസർ 125. കറുപ്പും നീലയും ഒന്നിക്കുന്നതാണ് കളർ സ്‌കീം.ബൈക്കിന് 140 കിലോഗ്രാം ഭാരമുണ്ട്. ശ്രേണിയിലെ ഉയർന്ന വീൽബെയ്‌സും സ്വന്തം; 1320 എം.എം.
രണ്ടു മീറ്റർ നീളമുള്ള ബൈക്കിന്, 165 എം.എം ഗ്രൗണ്ട് ക്ളിയറൻസും നൽകിയിട്ടുണ്ട്. ഇതു നഗര നിരത്തുകളിൽ സുഗമമായ യാത്രയ്ക്ക് ഗുണവുമാണ്. ഉയർന്ന വേഗതയിലും ബഹളമോ വൈബ്രേഷനോ തോന്നിപ്പിക്കില്ലെന്ന മികവും 125 സി.സി പൾസറിനുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലും ആശങ്കയില്ലാതെ ഓടിക്കാം. മുന്നിലെ ടെലസ്‌കോപ്പിക്, പിന്നിലെ വിൻ ഗ്യാസ് ഷോക്ക് സസ്‌പെൻഷനുകളും ട്യൂബ്‌ലെസ് ടയറുകളും മികച്ച റൈഡിംഗ് സുഖം സമ്മാനിക്കും.
12 പി.എസ് കരുത്തും 11 എൻ.എം ടോർക്കുമുള്ള, 4-സ്‌ട്രോക്ക്, 2-വാൽവ്, ട്വിൻ സ്‌പാർക്ക് ഡി.ടി.എസ്-ഐ 124.4 സി.സി എൻജിനാണുള്ളത്. ലിറ്ററിന് 57.5 കിലോമീറ്ററാണ് എ.ആർ.എ.ഐ സർട്ടിഫൈഡ് മൈലേജ്. ഇന്ധന ടാങ്കിൽ 11.5 ലിറ്റർ പെട്രോൾ നിറയും. ഡിസ്‌ക്, ഡ്രം ബ്രേക്ക് വേർഷനുകൾ പൾസർ 125നുണ്ട്. ഡ്രം വേർഷന് 64,000 രൂപയും (ഡൽഹി എക്‌സ്‌ഷോറൂം), ഡിസ്‌ക് വേരിയന്റിന് 66,618 രൂപയുമാണ് വില. ഹോണ്ട സി.ബി. ഷൈൻ, ഹീറോ ഗ്ളാമർ എന്നിവയാണ് വിപണിയിലെ മുഖ്യ എതിരാളികൾ.