സൂംബ വിവാദം കനക്കുന്നു പിന്നോട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി; എതിർത്ത് മതസംഘടനകൾ

Sunday 29 June 2025 12:31 AM IST

കോഴിക്കോട്: ലഹരിയിൽ നിന്ന് കുട്ടികളെ അടർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന സൂംബാ ഡാൻസിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. വിമർശിക്കുന്നവരുമായി ചർച്ചചെയ്ത് പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. ആരെയും അടിച്ചേൽപ്പിക്കരുതെന്നും പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയത പടർത്തുന്ന സംസ്ഥാനമായി കേരളം മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം സമസ്ത വിഭാഗം യുവജന നേതാവ് അബ്ദുസമദ് പൂക്കോട്ടൂരാണ് വിവാദത്തിന് തുടക്കമിട്ടത്. ആണും പെണ്ണും ഒരുമിച്ചാണ് ഡാൻസ് നടക്കുന്നതെന്നും കുട്ടികളെ ചെറുപ്പത്തിൽ ഇങ്ങനെ ഇടകലരാൻ അനുവദിക്കുന്നത് ശരിയല്ലെന്നും എല്ലാവരും പങ്കെടുക്കണമെന്ന് പറയുന്നത് തെറ്റാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. സുന്നിമഹൽ ഫെഡറേഷനും മുജാഹിദ് വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂരും ഇദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചിട്ടില്ല.

വിഷയം മതസംഘടനകൾക്ക് ദോഷം ചെയ്യാത്ത രീതിയിൽ മുന്നോട്ടുപോകണമെന്നാണ് ലീഗ് നിലപാട്. അതേസമയം, അഭിപ്രായങ്ങളും വിമർശനങ്ങളും ആവാമെന്നും പക്ഷേ,​ ആരും ആജ്ഞാപിക്കരുതെന്നും സി.പി.എം ജനറൽസെക്രട്ടറി എം.എ.ബേബി പറഞ്ഞു.

വിമർശനങ്ങൾ ലഹരിയേക്കാൾ മാരകമായ വിഷമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂംബ, ഏറോബിക്‌സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ നടപ്പാക്കുന്നത് ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

 സൂംബാ ഡാൻസ് വാമിംഗ് അപ്പ് മാത്രമാണ്. എതിര് പറയുന്നവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കും.

- എം.വി.ഗോവിന്ദൻ,

സി.പി.എം സംസ്ഥാന സെക്രട്ടറി

 സൂംബ ഡാൻസിൽ എന്താണ് തെറ്റ്. കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാൻ എല്ലാവരും തയ്യാറാകണം.

- മന്ത്രി ഡോ. ആർ.ബിന്ദു

 വിദ്യാലയങ്ങളിലെ സൂംബ ട്രെയിനിംഗ് പരിപാടി വിവാദമാക്കേണ്ട കാര്യമില്ല. ആരോഗ്യ പരിപാലനം അനിവാര്യമാണ്.

- രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ

 സ്‌കൂളുകളിലെ സൂംബ ഡാൻസുമായി ബന്ധപ്പെട്ട് മതത്തിന്റെ പേരിൽ കള്ള പ്രചാരണങ്ങൾ നടക്കുന്നു. ഇത്തരം ജൽപനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ല.

- ഡി.വൈ.എഫ്.ഐ