പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി : മികച്ച പ്രകടനവുമായി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്

Sunday 29 June 2025 12:37 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയിലൂടെ(പി.എം.ഇ.ജി.പി) സേവന മേഖലകളിലെ 11,480 ഗുണഭോക്താക്കൾക്ക് 300 കോടി രൂപയിലധികം മാർജിൻ മണി സബ്‌സിഡി ഇനത്തിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ(കെ.വി.ഐ.സി) വിതരണം ചെയ്തു. സംരംഭം തുടങ്ങുന്നതിന് ബാങ്കിൽ നിന്ന് വായ്പ എടുക്കുമ്പോൾ സർക്കാർ നൽകുന്ന വിഹിതമാണ് മാർജിൻ മണി സബ്സി‌ഡി. 906 കോടിയുടെ വായ്‌പ അനുവദിച്ചതിനുള്ള സബ്‌സിഡിയാണ് നൽകിയത്. ന്യൂഡൽഹിയിലെ രാജ്ഘട്ട് ഓഫീസിൽ നടന്ന പരിപാടിയിൽ കെ.വി.ഐ.സി ചെയർമാൻ മനോജ്കുമാർ ഓൺലൈനിലൂടെ

സബ്ഡിഡി വിതരണം ചെയ്തു. കെ.വി.ഐ.സിയുടെ സി.ഇ.ഒ രൂപ് റാഷിയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേത്യത്വത്തിൽ 'സ്വാശ്രയ-വികസിത ഇന്ത്യ' എന്ന ആശയത്തിന് ലഭിക്കുന്ന അംഗീകാരമാണ് ഈ പദ്ധതിയെന്ന് ചെയർമാൻ മനോജ്കുമാർ അഭിപ്രായപ്പെട്ടു. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ 4565 പദ്ധതികൾക്കായി 116 കോടി സബ്‌സിഡി വിതരണം ചെയ്തു. ഈ പദ്ധതികൾക്കായി 343 കോടിയിലധികം വായ്‌പ അനുവദിച്ചു. പദ്ധതിപ്രകാരം ഇതുവരെ 10,18,185 സൂക്ഷ്മ‌ ചെറുകിട വ്യവസായങ്ങൾ സ്ഥാപിച്ചു. സർക്കാർ ഇതിനായി 73,348 കോടി വായ്പ അനുവദിച്ചതിന് ആനുപാതികമായി ഗുണഭോക്താക്കൾക്ക് 27,166.07 കോടിയുടെ മാർജിൻ മണി സബ്‌സിഡിയിലൂടെ നൽകിയിട്ടുണ്ട്. ഇതുവരെ രാജ്യത്തുടനീളമുള്ള 90,04,541ലധികം ആളുകൾക്ക് പദ്ധതിയിലൂടെ നേരിട്ടും പരോക്ഷമായും തൊഴിൽ ലഭിച്ചു.