പേവിഷബാധ പ്രതിരോധം : സ്‌കൂൾ അസംബ്ലിയിൽ നാളെ ബോധവത്കരണം

Sunday 29 June 2025 12:00 AM IST

തിരുവനന്തപുരം : പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. നാളെ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്കെതിരെ അസംബ്ലിയിൽ അവബോധം നൽകും. ആരോഗ്യ പ്രവർത്തകർ നേതൃത്വം നൽകും. സ്‌കൂൾ അസംബ്ലിയിൽ ഡോക്ടർമാരോ ആരോഗ്യ പ്രവർത്തകരോ പങ്കെടുക്കും. ജില്ലകളിൽ ഒരു പ്രധാന സ്‌കൂളിൽ ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, ആരോഗ്യ,വിദ്യാഭ്യാസ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാതല പരിപാടിയും സംഘടിപ്പിക്കും.

മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും വാക്സിനും വളരെ പ്രധാനമാണ്. കടിയേറ്റാൽ കുട്ടികൾക്ക് പെട്ടെന്ന് രോഗബാധയുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഏറ്റാൽ രോഗപ്രതിരോധത്തിന്റെ ഭാഗമായി നൽകേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ, മൃഗങ്ങളോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി കുട്ടികൾക്കും അദ്ധ്യാപകർക്കും ബോധവത്ക്കരണം നൽകും.

ജൂലായിൽ സ്‌കൂളുകളിൽ അദ്ധ്യാപകർക്കും, രക്ഷാകർത്താക്കൾക്കും, പി.ടി.എ യോഗങ്ങളിലൂടെ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. കുട്ടികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്ന ലഘുലേഖകളും വിഡിയോകളും പോസ്റ്ററുകളും തയ്യാറാക്കി പ്രചരണം നടത്തും.