എൻജിനിയറിംഗ് കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ    

Sunday 29 June 2025 12:00 AM IST

രാജ്യത്ത് പ്രതിവർഷം 5 ലക്ഷത്തിലധികം ബിടെക് ബിരുദധാരികളാണ് പഠിച്ചിറങ്ങുന്നത്. പ്ലസ് ടു സയൻസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട കോഴ്സ് എൻജിനിയറിംഗ് തന്നെയാണ്.

എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.

എൻജിനിയറിംഗ് തൊഴിൽ മേഖലയിൽ മാറ്റങ്ങളുടെ കാലമാണിപ്പോൾ. ഈ മാറ്റങ്ങൾക്കുതകുന്ന ബ്രാഞ്ച് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കോർ മേഖലയിലോ സേവനമേഖലയിലോ പ്രവർത്തിക്കാൻ താല്പര്യമെങ്കിൽ അതിനുതകുന്ന ബ്രാഞ്ച് എടുക്കണം.

പ്ലസ് ടു ബോർഡ് പരീക്ഷ കഴിയുന്നതോടുകൂടി നിരവധി പ്രവേശന പരീക്ഷകളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്‌ഡ്, കീം, കുസാറ്റ്-കാറ്റ്, സി.യു.ഇ.ടി, ബിറ്റ് സാറ്റ് എന്നിവ ഇവയിൽപ്പെടുന്നു.

എൻജിനിയറിംഗ് കോളജുകളുടെ എണ്ണം വർദ്ധിച്ചു വരുമ്പോൾ, പഠിച്ചിറങ്ങുന്ന ബിരുദധാരികളുടെ തൊഴിൽ ലഭ്യത മികവ് ശ്രദ്ധയോടെ വിലയിരുത്തേണ്ടതുണ്ട്.

എൻജിനിയറിംഗ് കോളേജുകളുടെ മികവ് വ്യവസായ സ്ഥാപനങ്ങളുമായുള്ള സുസ്ഥിര സഹകരണത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ. വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാഡമിക ഇൻഡസ്ട്രി സഹകരണം വിദ്യാർത്ഥികൾക്ക് കൂടുതൽ ഇന്റേൺഷിപ്, സ്‌കിൽ വികസന, പ്ലേസ്മെന്റ് അവസരങ്ങൾ ഉറപ്പുവരുത്തും.

എൻജിനിയറിംഗ് പ്രോഗ്രാമിന് മികച്ച കോളേജുകൾ തിരഞ്ഞെടുക്കണം. കോളേജുകളുടെ മികവ് തന്നെയാണ് പ്ലേസ്മെന്റ് തീരുമാനിക്കുന്നതിലെ പ്രധാനപ്പെട്ട ഘടകം.

സ്ഥാപനങ്ങളിലെ മുൻകാല പ്ലേസ്മെന്റ്, പ്ലേസ്മെന്റ് നൽകുന്ന കമ്പനികൾ, ശമ്പളം എന്നിവ വിലയിരുത്തണം. മുൻവർഷങ്ങളെ അപേക്ഷിച്ച് പ്ലേസ്മെന്റിലും വലിയ മാറ്റങ്ങൾ ദൃശ്യമാണ്. മിക്ക കോളേജുകളിലും കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിന് പ്ലേസ്മെന്റ് വർദ്ധിച്ചു വരുമ്പോൾ, മറ്റ് എൻജിനിയറിംഗ് ബ്രാഞ്ചുകൾക്കുള്ള പ്ലേസ്മെന്റും വിലയിരുത്തേണ്ടതുണ്ട്.

കോളേജുകളുടെ നിലവാരം, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കോളേജുകളുടെ സ്ഥാനം, കോളേജുകളുടെ റാങ്കിംഗിലുള്ള നിലവാരം എന്നിവ വിലയിരുത്തേണ്ടതുണ്ട്.