സാരിയുടെ നിറം മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

Sunday 29 June 2025 12:45 AM IST

കൊച്ചി: സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി വാങ്ങിയ സാരി നിറം പോയതായി പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത വസ്ത്രവ്യാപാര സ്ഥാപനത്തിന് 36,500 രൂപ പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്ലാവോസ് ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഭാര്യക്കും മറ്റു ബന്ധുക്കൾക്കും 89,199 രൂപയ്ക്ക് 14 സാരിയാണ് പരാതിക്കാരൻ വാങ്ങിയത്. അതിൽ 16,500 രൂപ വിലയുള്ള സാരി ഉടുത്ത ദിവസം തന്നെ കളർ നഷ്ടമായി. ഇ-മെയിലായും വക്കീൽ നോട്ടീസ് മുഖേനയും സാരിയുടെ ന്യൂനത എതിർകക്ഷിയെ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല.

ഇത് അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതി വിലയിരുത്തി. സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരിച്ചു നൽകണം. നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളിൽ 20,000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് സ്ഥാപന ഉടമകളോട് കോടതി നിർദ്ദേശിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ.എസ്‌.എസ്. ആൽവിൻ ജുവൽ ഹാജരായി.