സി.പി.ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം : കൃഷി, ഭക്ഷ്യ വകുപ്പുകൾ വൻപരാജയം

Sunday 29 June 2025 12:47 AM IST

ആലപ്പുഴ : സി.പി.ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്രൂപ്പ് ചർച്ചയിൽ കൃഷി , ഭക്ഷ്യ- പൊതുവിതരണ വകുപ്പുകൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നു. റവന്യൂവിനെ മാത്രമേ നമ്മുടെ വകുപ്പെന്ന് പറയാനാവുകയുള്ളുവെന്നും കൃഷി , ഭക്ഷ്യ- പൊതുവിതരണ വകുപ്പുകൾ വൻ പരാജയമാണെന്നും പ്രതിനിധികൾ തുറന്നടിച്ചു.

കൃഷിമന്ത്രിയുടെ ഓഫീസിനുള്ളിൽ കർഷകർ കയറി സമരം നടത്തിയത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ചരിത്രത്തിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല . പൊതുസമൂഹത്തിന്റെ വിഷമതകൾ പാർട്ടി കമ്മിറ്റികളിൽ അവതരിപ്പിച്ചാൽ അവരെ ശത്രുപക്ഷമായി ചിത്രീകരിക്കുന്നു. കമ്മിറ്റിക്ക് പുറത്ത് തീരുമാനങ്ങൾ ക്രോഡീകരിക്കുന്ന രീതി പാർട്ടിയിൽ വള രുന്നുണ്ടോ എന്ന് സംശയിക്കണം. പാർട്ടി സംസ്ഥാന സെക്രട്ടറി ചിലവ് ചുരുക്കി പ്രവർത്തനം നടത്താൻ ശ്രമിക്കുമ്പോൾ യുവജനസംഘടന സെക്രട്ടറി കേരളം മുഴുവൻ കാറിലാണ് സഞ്ചരിക്കുന്നതെന്നും വിമർശനമുയർന്നു

സംസ്ഥാന നേതൃത്വത്തിന്

ഉറച്ച നിലപാടില്ല

സി. പി. ഐ സംസ്ഥാന നേതൃത്വത്തിനെതിരെയും വിമർശനം ഉയർന്നു.

ബ്രൂവറിയിലുൾപ്പെടെ രാഷ്ട്രീയ നിലപാടുകളിൽ സംസ്ഥാന നേതൃത്വത്തിന് ഉറച്ച് നിൽക്കാൻ കഴിയുന്നില്ല.അതു താഴേത്തട്ടിലെ സഖാക്കളുടെ ആത്മവിശ്വാസം തകർക്കുന്നു.

തീരുമാനങ്ങൾ കമ്മിറ്റികൾക്ക് പുറത്ത് രൂപീകരിക്കുന്നു

പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി സംസ്ഥാന കൗൺസിൽ നിർദ്ദേശങ്ങൾ വരുന്നു. കാനം മരിച്ചശേഷം സെക്രട്ടറിയെ തിരഞ്ഞെടുത്തതിലെ തിടുക്കം അവമതിപ്പുണ്ടാക്കി. വിമർശിക്കുന്നവരെ ശത്രു പക്ഷമായി കാണുന്നു.

മാവേലിക്കര തോൽവിക്ക്

കാരണം സംഘടനാ ദൗർബല്യം

മാവേലിക്കര ലോക്‌സഭ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി സി.എ.അരുൺകുമാറിന്റെ പരാജയത്തിന് സംഘടനാ ദൗർബല്യവും കാരണമായെന്ന് രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനം. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വൈകിയെന്നും റിപ്പോർട്ടിലുണ്ട്. സംസ്ഥാന സമ്മേളനവും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളും മുന്നിൽ കണ്ട് പാർട്ടിയുടെ നവമാദ്ധ്യമ രംഗം വിപുലീകരിക്കണം. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് യഥാസമയം ഫണ്ട് ലഭ്യമാകാത്തത് പ്രവ‌ർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നെൽവില വിതരണത്തിലുൾപ്പെടെ ആവശ്യാനുസരണം ഫണ്ട് ലഭ്യമല്ലാത്തത് പാർട്ടിയ്ക്കും മുന്നണിയ്ക്കും ചീത്തപ്പേരുണ്ടാക്കുന്നു. മുന്നണിയോഗങ്ങളിൽ നേതാക്കളും മന്ത്രിമാരും ഇത്തരം കാര്യങ്ങൾ ഉന്നയിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

ക്യാമറ കാണുമ്പോൾ

നിലവിടരുത് ബിനോയ് വിശ്വം

കമ്മ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റിയുള്ള സങ്കല്പം മാദ്ധ്യമങ്ങൾ മാറ്റേണ്ട നേരമായെന്ന് ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ചയും സംവാദവുമുണ്ടാകും. എല്ലാം പാർട്ടിയ്ക്ക് വേണ്ടിയായിരിക്കും.ഐക്യത്തിന് മേൽ കൈവയ്ക്കുന്ന ചർച്ചയുണ്ടാകില്ല. ക്യാമറയും മൈക്കും കാണുമ്പോൾ നിലവിട്ട് പോകുന്നചിലരെല്ലാം പാ‌ർട്ടിയ്ക്കകത്തുണ്ടാകാം. സി.പി.ഐ ഭിന്നിപ്പിലേക്കെന്ന് പറഞ്ഞ് ആരും സ്ഥലവും സമയവും പാഴാക്കേണ്ടെന്നും ബിനോയ് കൂട്ടിച്ചേർത്തു.