ബി.ജെ.പിക്ക് സ്ഥാനാർത്ഥിയെ നൽകുന്നത് യു.ഡി.എഫ്: ബിനോയ് വിശ്വം

Sunday 29 June 2025 12:47 AM IST

ആലപ്പുഴ: യു.ഡി.എഫിൽ കോൺഗ്രസും ലീഗും മാത്രമല്ല ആവശ്യം വരുമ്പോഴെല്ലാം ബി.ജെ.പിയുമുണ്ടാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ 25-ാം പാ‌‌ർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ ആദ്യ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആലപ്പുഴ ഭരണിക്കാവ് കാനം രാജേന്ദ്രൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് സ്ഥാനാർത്ഥിയെ ആവശ്യമായി വന്നാൽ യു.ഡി.എഫ് കടം കൊടുക്കും. ഒരുഭാഗത്ത് ഹിന്ദു തീവ്രവാദത്തിന്റെ ഭാഗമായ ബി.ജെ.പിയെയും മറുഭാഗത്ത് ആ‌ർ.എസ്.എസിന്റെ ഇസ്ളാം പതിപ്പായ ജമാ അത്ത് ഇസ്ലാമിയെയും അവർക്ക് കൂടെ വേണം. എല്ലാവരെയും ഒന്നിച്ചുപിടിച്ചുള്ള സർക്കസാണത്. നിലമ്പൂരിലും ആ സർക്കസിൽ ജയിച്ചു. ജയിച്ച പാടേ ക്യാപ്റ്റൻ,മേജർ തർക്കം തുടങ്ങിയ പാർട്ടിയാണതെന്നും ബിനോയ് പറഞ്ഞു.

മൂന്നാംകുറ്റിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പി.കെ.മേദിനി പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രതിനിധി സമ്മേളനത്തിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി രാജേന്ദ്രൻ,അസി.സെക്രട്ടറി ഇ. ചന്ദ്രശേഖരൻ,ദേശീയ കൗൺസിലംഗം കെ. രാജൻ,മന്ത്രിമാരായ ജെ. ചിഞ്ചുറാണി,പി.പ്രസാദ്,ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,സി.എൻ.ജയദേവൻ,കെ.കെ.അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന പാർട്ടിയംഗം കെ.നാരായണൻ,സ്വാതന്ത്ര്യസമര സേനാനി കെ.എ.ബക്കർ,വിപ്ളവഗായിക പി.കെ.മേദിനി എന്നിവരെ ആദരിച്ചു.