@ എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം പഠന കാലത്തെ രാഷ്ട്രീയ ഓർമകൾ പങ്കുവച്ച് നേതാക്കൾ

Sunday 29 June 2025 12:00 AM IST

കോഴിക്കാട് : വിദ്യാർത്ഥി പ്രസ്ഥാന കാലത്തെ ഓർമ്മകളും അടിയന്തരാവസ്ഥ നാളുകളിലെ പോരാട്ടങ്ങളും പങ്കുവച്ച് മുതിർന്ന സി.പി.എം നേതാക്കൾ. എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുൻകാല വിദ്യാർത്ഥി നേതാക്കളുടെ സംഗമം പുതുതലമുറ നേതാക്കൾക്ക് അനുഭവങ്ങളുടെ അദ്ധ്യായം പകർന്നു.

എസ്.എഫ്.ഐ സ്ഥാപക ജനറൽ സെക്രട്ടറി ബിമൻ ബസു, മുൻ അഖിലേന്ത്യാ നേതാക്കളായ എം.എ. ബേബി, പ്രകാശ് കാരാട്ട്, എ.വിജയരാഘവൻ, നീലോത്പൽ ബസു, വെെ.വി റാവു, പി.കൃഷ്ണപ്രസാദ്, കെ.എൻ. ബാലഗോപാൽ, കെ.കെ. രാഗേഷ്, പി.കെ. ബിജു, ആർ. അരുൺകുമാർ, വിക്രം സിംഗ്, വി.ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

തുടക്കകാലത്ത് കേരളം, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വടക്ക് കിഴക്കൻസംസ്ഥാനങ്ങളും ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുമായിരുന്നു പാർട്ടിയുടെ ശക്തികേന്ദ്രങ്ങളെന്ന് ബിമൻ ബസു പറഞ്ഞു. 1970ൽ പാർട്ടി ആരംഭിച്ച ശേഷം ഏറ്റവും ശക്തമായ സമരങ്ങൾ നടത്തേണ്ടി വന്നത് അടിയന്തരാവസ്ഥക്കാലത്താണെന്നും അദ്ദേഹം പറഞ്ഞു.

ഐതിഹാസിക സമരമാണ് അടിയന്തരാവസ്ഥക്കാലത്ത് എസ്.എഫ്.ഐ നടത്തിയതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ, മണിക് സർക്കാർ തുടങ്ങി നിരവധി നേതാക്കൾ ജയിൽവാസമനുഷ്ഠിച്ചു. ഇന്നത്തെ സാഹചര്യം അതിലും ഭീകരമാണെന്നും അതിനെ നേരിടാൻ ശക്തമായ പോരാട്ടങ്ങൾ നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണം തടയാൻ ശക്തമായ പോരാട്ടമാണ് എസ്.എഫ്.ഐ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥയ്ക്കെതിരെ തിരുവനന്തപുരത്ത് നടത്തിയ പരസ്യസമരവും അന്ന് നിറുത്തിവച്ച കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്താൻ ഒപ്പുശേഖരണം നടത്തിയതുമെല്ലാം എം.എ. ബേബി ഓർത്തെടുത്തു. രാജ്യത്തെ ഹിന്ദുത്വവത്കരണത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ എസ്.എഫ്.ഐക്ക് സാധിക്കണമെന്ന് എല്ലാവരും സദസിനെ ഓർമ്മിപ്പിച്ചു. എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു അദ്ധ്യക്ഷത വഹിച്ചു.