പ്രവാസി പെൻഷന് അംഗത്വം കാത്ത് കാൽലക്ഷം പേർ അംശദായം അടച്ചിട്ടും പെൻഷൻ കിട്ടാത്തവർ 10,000

Sunday 29 June 2025 12:00 AM IST

കോഴിക്കോട്: പ്രവാസി ക്ഷേമ പെൻഷന് അപേക്ഷിച്ച കാൽ ലക്ഷത്തിലേറെ പ്രവാസികൾ അംഗീകാരം ലഭിക്കാതെ പദ്ധതിക്ക് പുറത്ത്. ഇവരിലേറെയും അറു മാസം മുമ്പ് അപേക്ഷിച്ചവരാണ്. അപേക്ഷ ലഭിച്ച് രണ്ടാഴ്ചയ്ക്കകം അർഹരായവരെ അംഗങ്ങളാക്കുമെന്നാണ് കേരള പ്രവാസി ക്ഷേമ ബോർഡ് പറഞ്ഞിരുന്നത്. കൃത്യമായി അംശദായമടച്ച് പെൻഷന് അപേക്ഷിച്ചിട്ടും കിട്ടാത്തവർ പതിനായിരത്തോളമുണ്ട്.

സാമ്പത്തിക പ്രതിസന്ധിയാണത്രെ കാരണം. പ്രവാസി വെൽഫയർ ബോർഡിൽ നിന്ന് സർക്കാർ ഫണ്ട് വകമാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രവാസികളുടെ ആരോപണം. എല്ലാ മാസവും അഞ്ചിനാണ് പെൻഷൻ കിട്ടാറുള്ളത്. ഈ മാസം അതും നടപ്പിലായില്ല. പ്രവാസികൾക്കുള്ള നിർദ്ദിഷ്ട ഇൻഷ്വറൻസ് പദ്ധതിയിലുമുണ്ട് പ്രശ്നങ്ങൾ. വിദേശത്തും സ്വദേശത്തുമുള്ളവരെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നാണ് ലോക കേരളസഭയിൽ പറഞ്ഞിരുന്നത്. എന്നാൽ,വിദേശത്തുള്ളവരെയും മറുനാടൻ മലയാളികളെയുമാണ് ഇപ്പോൾ പരിഗണിക്കുന്നത്. അംഗങ്ങളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തിയില്ല. രോഗികളായ പ്രവാസികൾ നാട്ടിലെത്തി ചികിത്സിച്ചാലേ പരിരക്ഷയുള്ളൂ എന്നതും വിനയാണ്. അഞ്ചു ലക്ഷത്തിന്റെ കവറേജുള്ള പദ്ധതിയിൽ 12,500 രൂപയോളമാണ് വാർഷിക പ്രീമിയം.

കേരളത്തിന് പുറത്തും വിദേശത്തുമുള്ള പ്രവാസികൾക്ക് സർക്കാർ തിരിച്ചറിയൽ കാർഡ് നൽകുന്നുണ്ടെങ്കിലും നാട്ടിൽ തിരിച്ചെത്തിയവർക്ക് നൽകുന്നില്ല. സർക്കാർ ഓഫീസിലും മറ്റുമുള്ള ആവശ്യങ്ങൾക്ക് കാർഡില്ലാത്തത് തടസമാണ്.

പ്രവാസികൾ

വിദേശത്ത്...........................................22 ലക്ഷം

കേരളത്തിൽ......................................12 ലക്ഷം

പെൻഷൻ തുക, അംശാദായം

വിദേശത്ത്....3,500...350

കേരളത്തിൽ....3,000...200

അംശാദായം അടയ്ക്കുന്നവർ..................................8 ലക്ഷം

പെൻഷൻ വാങ്ങുന്നവർ.......................................69,000

ഇൻഷ്വറൻസ് പദ്ധതിയിൽ എല്ലാ പ്രവാസികളെയും ഉൾപ്പെടുത്തുമെന്നാണ് ലോക കേരളസഭയിൽ സർക്കാർ പറഞ്ഞിരുന്നതെങ്കിലും നടപ്പിലാക്കിയിട്ടില്ല.

-ഹനീഫ മുന്നിയൂർ പ്രസിഡന്റ്, കേരള പ്രവാസി ലീഗ്