സപ്ലിമെന്ററി പ്രവേശനത്തിനുള്ള അപേക്ഷ 30 വരെ സമർപ്പിക്കാം

Sunday 29 June 2025 12:02 AM IST

തിരുവനന്തുപുരം: ഹയർ സെക്കൻഡറി (വൊക്കേഷണൽ) മുഖ്യ അലോട്ട്‌മെന്റിൽ ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂൺ 30ന് വൈകിട്ട് 4 വരെ അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യമുണ്ട്.

ഹയർസെക്കൻഡറി തലത്തിലെ എൻ.എസ്.ക്യു.എഫ് അധിഷ്ഠിതമായ 43 കോഴ്സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്‌കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. https://admission.vhseportal.kerala.gov.in ൽ Candidate Login നിർമ്മിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷാസമർപ്പണം പൂർത്തിയാക്കാം. മുഖ്യഘട്ട അലോട്ട്‌മെന്റിൽ അപേക്ഷിച്ചവർ അപേക്ഷ പുതുക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ 'APPLICATION' ലിങ്കിലൂടെ അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അവ വരുത്തി പുതിയ ഓപ്ഷനുകൾ നൽകി സമർപ്പിക്കണം.