മു​ഖം​ ​മാ​റാനൊ​രു​ങ്ങി​ ​ എ.​സി​ ​ഷ​ൺ​മു​ഖ​ദാ​സ് ​സ്മാ​ര​ക​ ​ആ​ശു​പ​ത്രി

Sunday 29 June 2025 12:11 AM IST
പുറക്കാട്ടിരി എ സി ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദ ചൈൽഡ് ആന്റ് അഡോളസെന്റ് കെയർ സെന്റർ

4.5 കോടിയുടെ വികസന പ്രവർത്തനങ്ങൾ

കോഴിക്കോട് : മുഖച്ഛായ മാറ്റത്തിനൊരുങ്ങി പുറക്കാട്ടിരി എ.സി ഷണ്‍മുഖദാസ് മെമോറിയല്‍ ആയുര്‍വേദ ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് കെയര്‍ സെന്റര്‍. നാലര കോടി രൂപ ചെലവിട്ട് പുതുതായി നിര്‍മിക്കുന്ന അഞ്ച് നിലയുള്ള കെട്ടിടത്തില്‍ പഞ്ചകര്‍മ തിയേറ്റര്‍, കുട്ടികളുടെ ഒ.പി, ഐ.പി എന്നിവയാണ് ഒരുക്കുന്നത്. നവകേരള സദസില്‍ അനുവദിച്ച 2.5 കോടി രൂപയും ബജറ്റ് തുകയായ രണ്ട് കോടിയും വിനിയോഗിച്ച് നടത്തുന്ന വികസന പ്രവൃത്തിയുടെ ഡി.പി.ആര്‍ തയാറാക്കുകയാണ്. നേരത്തെ മന്ത്രി എ.കെ ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപ ചെലവിട്ട് ആശുപത്രി കവാടവും റോഡും നിര്‍മിച്ചിരുന്നു.

ഒരുക്കുന്നത് മികച്ച ചികിത്സാ രീതികൾ

ആയുര്‍വേദ മരുന്ന്, പഞ്ചകര്‍മ തെറാപ്പി എന്നിവക്കൊപ്പം ലേണിംഗ് അസസ്‌മെന്റ്, റെമഡിയല്‍ ട്രെയിനിംഗ്, ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി, ക്ലിനിക്കല്‍ യോഗ, സൈക്കോളജി എന്നീ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ ആശുപത്രിയില്‍ ലഭ്യമാക്കുന്നുണ്ട്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, എ.ഡി.എച്ച്.ഡി തുടങ്ങിയ രോഗങ്ങള്‍ക്കും ചികിത്സയുണ്ട്. വ്യക്തിഗത തെറാപ്പിക്ക് പുറമെ, ഗ്രൂപ്പ് തെറാപ്പി, രക്ഷാകര്‍തൃ വിദ്യാഭ്യാസ പരിപാടികള്‍, സ്‌കൂള്‍ പരിഹാര പരിപാടികള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവയും നടത്തി വരുന്നു. വികസന പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.