തൃശൂരിൽ ഗുണ്ടാസംഘം അഴിഞ്ഞാടി, 5 പൊലീസുകാർക്ക് പരിക്ക്, മൂന്ന് ജീപ്പ് തകർത്തു

Sunday 29 June 2025 12:15 AM IST

തൃശൂർ: കൂലിത്തല്ലു സംഘത്തിൽപ്പെട്ട യുവാവിന്റെ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ ചേരിത്തല്ല് നിയന്ത്രിക്കാനെത്തിയ പൊലീസുകാരെ ഗൂണ്ടാസംഘം മാരകമായി ആക്രമിച്ചു. അഞ്ചു പൊലീസുകാർക്ക് പരിക്കേറ്റു. മൂന്നു പൊലീസ് ജീപ്പുകൾ ഗുണ്ടാസംഘം തകർത്തു. ആറു ഗുണ്ടകളെ പൊലീസ് സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്തു. തൃശൂർ നഗരത്തിനടുത്ത് നല്ലെങ്കരയിൽ ഇന്നലെ പുലർച്ചെ 2.30തോടെയായിരുന്നു ഗുണ്ടകളുടെ വിളയാട്ടം. രണ്ടു മണിക്കൂറോളം ആക്രമണം തുടർന്നു. ഒൻപത് ഗുണ്ടകൾക്കായി തെരച്ചിൽ തുടരുന്നു.

ഗുണ്ടാസംഘാംഗത്തിൽപ്പെട്ട കാട്ടുപറമ്പിൽ അൽ അഹദിലിന്റെ ജന്മദിന പാർട്ടിക്കാണ് കൂലിത്തല്ലുസംഘം ഒത്തുചേർന്നത്. ഇയാളുടെ വീടിനടുത്തുള്ള ഒഴിഞ്ഞ വീട്ടിലും പരിസരത്തുമാണ് 15 ലേറെ പേർ ആഘോഷത്തിനെത്തിയത്. ഗ്രേഡ് എസ്.ഐ ജയൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം കുമാർ, അജു, ഷിജു, ഷനോജ് എന്നിവർക്കാണ് പരിക്കേറ്റത്. എസ്.ഐ ജയന്റെയും അജുവിന്റെയും പരിക്ക് സാരമുള്ളതാണ്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒല്ലൂക്കര സ്വദേശികളായ കാട്ടുപറമ്പിൽ അൽ അഹദിൽ (18), കാട്ടുപറമ്പിൽ മുഹമ്മദ് അൽ അൽത്താഫ് (34), നെല്ലിക്കുന്ന് പുത്തൂർ തറയിൽ വീട്ടിൽ ഇവിൻ ആന്റണി (24), മൂർക്കനിക്കര പടിഞ്ഞാറേ വീട്ടിൽ ബ്രഹ്മജിത്ത് (22), നെല്ലിക്കുന്ന് പുത്തൂർ തറയിൽ വീട്ടിൽ ആഷ്മിർ ആന്റണി (24), ചെമ്പൂക്കാവ് മറിയ ഭവനിലെ ഷാർബൽ (19) എന്നിവരെയാണ് മണ്ണുത്തി പൊലീസ് പിടികൂടിയത്. ഏറ്റുമുട്ടലുകൾക്കിടെ ഇവർക്കും പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം പ്രതികളെ വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബ്രഹ്മജിത്തിന്റെ കൈ ഒടിഞ്ഞ നിലയിലാണ്. മദ്യം ഉൾപ്പെടെ വിവിധതരം ലഹിരിയിലായിരുന്നു ഗുണ്ടാസംഘം.