പ്രകൃതിവിരുദ്ധ പീഡനം : യുവാവിന് കഠിനതടവും പിഴയും ശിക്ഷ
Saturday 28 June 2025 11:30 PM IST
പത്തനംതിട്ട: ഒമ്പത് വയസ് കഴിഞ്ഞ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും 1,20,000 പിഴയും ശിക്ഷ. ചെങ്ങന്നൂർ മുളക്കുഴ കൊഴുവല്ലൂർ മോടിയിൽ വീട്ടിൽ നിന്നും മല്ലപ്പുഴശ്ശേരി കുറുന്തർ കുഴിക്കാല ചരിവുകാലായിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിതിൻ തമ്പി (25)യെയാണ് പത്തനംതിട്ട അതിവേഗസ്പെഷ്യൽ ജഡ്ജ്.ടി.മഞ്ജിത്ത് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. 2019 ജൂൺ ഒന്നിനും സെപ്തംബർ 30നും ഇടയിലുള്ള കാലയളവിലാണ് കുട്ടി പ്രതിയിൽ നിന്നും ക്രൂരമായ പീഡനങ്ങൾക്ക് ഇരയായത്. 2020 ഒക്ടോബർ 29നാണ് ആറന്മുള പൊലീസ് കേസ് രജിസ്ട്രർ ചെയ്തത്. അന്നത്തെ ഇലവുംതിട്ട പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം.ആർ.സുരേഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.റോഷൻ തോമസ് ഹാജരായി.