ചാണകം ഇനി വിറക് രൂപത്തിലും
കൊച്ചി: ഇനി ചാണകവും വിറക് രൂപത്തിലാക്കാം. അത് തയ്യാറാക്കാനുള്ള മെഷീനുമെത്തി. അടുപ്പു കത്തിക്കാനുള്ള ഇന്ധനം ലളിതമായി വേഗത്തിലുണ്ടാക്കി സൂക്ഷിക്കാമെന്നതാണ് പ്രത്യേകത. നാലോ അഞ്ചോ വീടുകൾക്കോ കർഷക കൂട്ടായ്മകൾക്കോ ഒരെണ്ണം മതിയാകും.
'കൗ ഡംഗ് ലോഗ് മേക്കർ" മെഷീനിൽ പച്ച ചാണകത്തിൽ അറക്കപ്പൊടിയോ വൈക്കോലോ ഉമിയോ മിക്സ് ചെയ്താണ് രണ്ടടി നീളത്തിൽ ഒരിഞ്ച്,രണ്ട് ഇഞ്ച് വൃത്താകൃതിയിലും ചതുരാകൃതിയിലും വിറകുണ്ടാക്കുന്നത്. ഒരിഞ്ചിന്റെ കമ്പുകളായും വിറകുണ്ടാക്കാനാവും. ചാണകവും വൈക്കോലും അറക്കപ്പൊടിയും ഉയർന്ന മർദ്ദത്തിൽ അമർത്തി വിറക് രൂപത്തിലാകാൻ ഏഴ് സെക്കന്റ് മതി. ഇവ പി.വി.സി ട്രേയിൽ ശേഖരിച്ച ശേഷം ഉണങ്ങാൻ വയ്ക്കും.ചാണകത്തിന്റെ മണവും ഉണ്ടാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
അതേസമയം,ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈ മഷീൻ കൂടുതലായി പ്രചാരത്തിലുള്ളതെങ്കിലും കേരളത്തിൽ ജാതി,ഏലം തുടങ്ങിയ കൃഷി ചെയ്യുന്നവർക്ക് ഇവയുണക്കുന്നതിന് ഇത് ഉപയോഗപ്രദമാണ്.
മെഷീൻ കേരളത്തിലും
കോട്ടയം സ്വദേശിയായ മാർട്ടിൻ തോമസിന്റെ എറണാകുളത്തെ കൈലാത്ത് മെഷീൻസാണ് കേരളത്തിൽ ആദ്യമായി പഞ്ചാബിൽ നിന്ന് രണ്ട് 'കൗ ഡംഗ് ലോഗ് മേക്കർ" മെഷീൻ എത്തിച്ചത്. അതിൽ ഒന്ന് ഇപ്പോൾ വയനാട്ടിലാണ്. 85,000 രൂപയാണ് വില. ഒരു വർഷമാണ് വാറണ്ടി. മൂന്ന് എച്ച്.പി മോട്ടോറിൽ പ്രവർത്തനം. കൈലാത്തിൽ ഇത് കൂടാതെ വെള്ളത്തിലുള്ള ചാണകം ഉണക്കാനും പെല്ലറ്റ് ഉണ്ടാക്കാനുമുള്ള മെഷീൻ,ഫാമുകൾക്കുള്ള ഷാഫ് കട്ടർ തുടങ്ങിയവയുമുണ്ട്.