കോഴഞ്ചേരി പുതിയ പാലം; അപ്രോച്ച് റോഡിന്റെ പണിതുടങ്ങി

Saturday 28 June 2025 11:37 PM IST

കോഴഞ്ചേരി : നഗരത്തിലെ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണികൾ തുടങ്ങി. ഹെഡ് പോസ്റ്റ് ഓഫീസിന്റെ മതിലുകളിടിച്ച് മരങ്ങൾ പിഴുത് നിലംനിരത്തി. കോഴഞ്ചേരിയിൽ രാജഭരണ കാലത്ത് സ്ഥാപിച്ച അഞ്ചൽപെട്ടിയും നീക്കി. ഇത് പോസ്റ്റ് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കും. കോഴഞ്ചേരിയിലെ ഗതാഗത തടസത്തിന് പരിഹാരമെന്ന നിർദേശമായി ഉയർന്നുവന്ന ആവശ്യമാണ് പുതിയ പാലം. പാലത്തിന്റെ സ്ഥാനത്തെക്കുറിച്ച് വിരുദ്ധാഭിപ്രായങ്ങൾ നിലനിന്നപ്പോൾ 2018 ഡിസംബർ 27ന് നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണം തുടങ്ങുകയായിരുന്നു.

207.2​ ​മീറ്റർ നീളവും നടപ്പാതയുൾപ്പടെ 12 മീറ്റർ വീതിയുമുള്ള പുതിയ പാലത്തിന് തോട്ടപ്പുഴശ്ശേരി ഭാഗത്ത് 340 മീറ്റർ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റർ നീളത്തിലും അപ്രോച്ച് റോഡുണ്ട്. 32 മീറ്റർ നീളമുള്ള 5 സ്പാനുകളിൽ നദീ മദ്ധ്യത്തിലുള്ള ഒരു സ്പാൻ ഒഴികെയുള്ളവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നും കോഴഞ്ചേരി വണ്ടി പേട്ട ഭാഗത്ത് വൺവേ റോഡിൽ നിന്നുമാണ് അപ്രോച്ച് റോഡ് തുടങ്ങുക.

പാ​ല​ത്തി​ന്റെ​ ​നീ​ളം​ ​:​207.2​ ​മീ​റ്റ​ർ,​ ​ വീ​തി​ ​:​ 12​ ​മീ​റ്റ​ർ.

പ​ദ്ധ​തി​ ​ചെ​ല​വ് ​:​ 24 ​കോ​ടി​ ​രൂ​പ.

ആദ്യ കരാറുകാരൻ ഉപേക്ഷിച്ച പണി

കൊവിഡ് കാലത്ത് മുടങ്ങിയ പണി പുനരാരംഭിക്കണമെങ്കിൽ കരാർ തുക കൂട്ടി നൽകണമെന്ന ആവശ്യം നിരസിച്ചതോടെ കരാറുകാരൻ പണി ഉപേക്ഷിച്ചത് ആദ്യം തടസമായി. പിന്നീട് രണ്ടു തവണ റി ടെൻഡർ ചെയ്തെങ്കിലും ആരും കരാറേറ്റെടുക്കാൻ തയ്യാറായില്ല. ഇതിനിടയിൽ ഊരാളുങ്കൽ സൊസൈറ്റി നിർമാണം ഏറ്റെടുത്തെങ്കിലും സ്ഥലം ഏറ്റെടുത്തു നൽകുന്നതിലെ കാലതാമസത്തെ തുടർന്ന് പണി ഉപേക്ഷിച്ചു. തുടർന്ന് കിഫ്ബി നിർമ്മാണം ഏറ്റെടുത്തു. ആകെ പദ്ധതി ചെലവ് 24 കോടിയായി ഉയർത്തി. ഇപ്പോൾ പണി ഏറ്റെടുത്തു ചെയ്യുന്ന എറണാകുളത്തുള്ള സ്വകാര്യ കമ്പനിക്ക് 16 കോടി രൂപ നൽകാനാണ് കരാർ.

അപ്രോച്ച് റോഡിന്റെ പണികൾ സമയബന്ധിതമായി പൂർത്തിയാക്കും.

പൊതുമരാമത്ത് വകുപ്പ് അധികൃതർ